തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്‍റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാനം. നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയോളം ഉയർന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുന്നതിനാലുള്ള ആശങ്ക കണക്കിലെടുത്ത് ചൊവ്വാഴ്ച ഉന്നതതല യോഗം ചേർന്നതായി കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചതും കേരളം ചൂണ്ടിക്കാട്ടി.
തുലാവര്‍ഷത്തിൽ സ്ഥിതി മോശമാണെന്നതിനാൽ മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ വലിയതോതിൽ വെള്ളം സംഭരിക്കാൻ കഴിയാത്ത സാഹചര്യമാണ്. അതിനാല്‍ മുല്ലപ്പെരിയാറിലെ വെള്ളം വൈഗയിലും മധുരയിലും സംഭരിക്കുന്നത് പരിഗണിക്കണമെന്ന് തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.
അതിനിടെ, മുല്ലപ്പെരിയാർ വിഷയത്തിൽ ഇരുസംസ്ഥാനങ്ങളും ശാശ്വതവും ശാസ്ത്രീയവുമായ ഒരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. തുടർച്ചയായി പെയ്യുന്ന മഴയിൽ സംസ്ഥാനത്തെ അണക്കെട്ടുകൾ നിറഞ്ഞു കവിയുകയാണ്.
ഇത് മൂലം ദശലക്ഷക്കണക്കിന് ജനങ്ങളുടെ ഭാവിയും സുരക്ഷിതത്വവും അപകടത്തിലാണ്. അതിനാൽ മുല്ലപ്പെരിയാറിൽ സുരക്ഷിതവും ശക്തവുമായ പുതിയ ജലസംഭരണി നിർമിക്കാൻ കേരളത്തോടൊപ്പം നിൽക്കണമെന്ന് കത്തിൽ പരാമർശിക്കുന്നു.
സുരക്ഷാപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പുതിയ അണക്കെട്ട് നിർമിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും നിലവിലെ ഘടന ശക്തമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സർക്കാർ എതിർക്കുകയാണുണ്ടായത്. വിഷയത്തിൽ ഒരു സംസ്ഥാനങ്ങളും ഒത്തുതീർപ്പിലെത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആവശ്യപ്പെട്ടു.
അണക്കെട്ട് വളരെ കാലപ്പഴക്കം ചെന്നതാണെന്ന് എല്ലാവർക്കുമറിയാം. വിഷയത്തിൽ രമ്യമായ തീരുമാനത്തിലെത്തണം. പരമാവധി ജലനിരപ്പ് സംബന്ധിച്ച് ധാരണയിലെത്താൻ മേൽനോട്ട സമിതിയോട് സുപ്രീം കോടതി നിർദേശിച്ചതിന് പിന്നാലെയാണ് ഗവർണറുടെ പ്രസ്താവന.
മുല്ലപ്പെരിയാർ അണക്കെട്ട് അപകടാവസ്ഥയിലാണെന്നും ഡീ കമ്മീഷൻ ചെയ്യണമെന്നുമുള്ള തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. അത്തരത്തിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നവരെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഇത്തരം വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.