തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണ് മാഫിയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മണ്ണ് മാഫിയയുടെ ആക്രമത്തില്‍ സംഗീത് എന്ന യുവാവ് മരിച്ച സംഭവത്തിലാണ് നടപടിയുണ്ടായത്. കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ നാല് പേര്‍ക്കാണ് സസ്‌പെന്‍ഷന്‍. എഎസ്‌ഐ അനില്‍കുമാര്‍, സിപിഒമാരായ സുകേഷ്, ഹരികുമാര്‍, ബൈജു എന്നിവരെയാണ് സസ്‌പെന്‍റ് ചെയ്ത്. റൂറല്‍ എസ്പി ബി.അശോകാണ് ഉത്തരവിറക്കിയത്.
പട്രോളിങ് ജീപ്പ് സ്റ്റേഷന്‍ പരിസരത്ത് തന്നെയുണ്ടായിരുന്നിട്ടും സംഗീതിന്‍റെ വീട്ടില്‍ നിന്നെത്തിയ പരാതി കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും പരിഗണിച്ചാണ് നാല് പേര്‍ക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കാട്ടാക്കട അമ്പലത്തിന്‍കാലയില്‍ സ്വന്തം ഭൂമിയില്‍ നിന്നും മണ്ണ് കടത്തുന്നത് തടഞ്ഞതിനാണ് സംഗീത് എന്ന യുവാവിനെ മണ്ണ് മാന്തിയന്ത്രം കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്. മണ്ണ് കടത്താന്‍ സംഘം എത്തിയപ്പോള്‍ തന്നെ സംഗീതും ഭാര്യയും പൊലീസിനെ വിവരം അറിയിച്ചിരുന്നു. സമയോചിതമായി പൊലീസ് ഇടപെട്ടിരുന്നുവെങ്കില്‍ കൊലപാതകം സംഭവിക്കില്ലായിരുന്നുവെന്ന് സംഗീതിന്‍റെ ഭാര്യയും പരാതിപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ടിപ്പര്‍ ഡ്രൈവര്‍ ബൈജുവും കീഴടങ്ങി. ഇതോടെ കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.