തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് എംജിഎംഎച്ച്എസ്എസിലെ ഓഫീസ് മുറി ടീച്ചർ ഇൻ ചാർജായ അധ്യാപകന് തുറന്നുനൽകാത്തതിൽ പ്രതിഷേധിച്ച് പിടിഎ ഭാരവാഹികളും വിദ്യാർഥികളും രംഗത്ത്. 2019 മെയ് 31ന് സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന ഗോവിന്ദൻ നായർ വിരമിച്ചതിനെ തുടര്‍ന്ന് രാജശ്രീ എന്ന ഹിന്ദി അധ്യാപിക മാനേജ്മെന്‍റിന്‍റെ താൽപര്യപ്രകാരം ചുമതലയേറ്റിരുന്നു. എന്നാല്‍ രാജശ്രീക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡിഇഒ ഇടപ്പെട്ട് സ്‌കൂളിലെ മറ്റൊരു മുതിർന്ന അധ്യാപകനായ ശ്രീജിത്ത് ലാലിന് കഴിഞ്ഞ 27ന് ടീച്ചർ ഇൻ ചാർജ് നൽകി ഉത്തരവിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉത്തരവുമായി സ്‌കൂളിലെത്തിയ ശ്രീജിത്തിന് ഓഫീസ് മുറി തുറന്നുനല്‍കാതെ രാജശ്രീ താക്കോല്‍ കൈവശപ്പെടുത്തുകയായിരുന്നു. ഇതിനെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.
അതേസമയം ആരോഗ്യപ്രശ്‌നങ്ങളാൽ ചികിത്സയിലായതിനാലാണ് സ്‌കൂളിൽ എത്താതിരുന്നതെന്നും ഡിഇഒയുടെ ഉത്തരവ് പൂർണമായും നടപ്പിലാക്കുമെന്നും രാജശ്രീ പറഞ്ഞു. ഹിന്ദി ,സംസ്കൃതം, ഇംഗ്ലീഷ്, ബയോളജി തുടങ്ങിയ പാഠ്യവിഷയങ്ങൾ പഠിപ്പിക്കാന്‍ അധ്യാപകരില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അടിയന്തരമായി സർക്കാർ ഇടപെട്ട് സ്‌കൂളിലെ നിലവിലെ അവസ്ഥ പരിഹരിക്കണമെന്നാണ് പിടിഎയുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.