കാസർകോട്: കാസർകോടിന്‍റെ നോവാണ് എൻഡോസൾഫാൻ ദുരിത ബാധിതർ. അവർക്ക് വേണ്ടി മെച്ചപ്പെട്ട സൗകര്യം ഒരുക്കുമെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും ഇവിടെ പലരും ദുരിതത്തിലാണ്. എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തുകളിലെ മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളിൽ (എംസിആർസി) മാസങ്ങളായി തെറാപ്പിസ്റ്റുകളില്ല.
ഓരോ സ്ഥലത്തും ഇതിനായി ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളും സർക്കാർ വാങ്ങി നൽകിയിട്ടുണ്ട്. പക്ഷേ തെറാപ്പിസ്റ്റ് ഇല്ലാത്തതിനാൽ ഇവ ഉപയോഗിക്കാതെ നശിച്ചു കൊണ്ടിരിക്കുകയാണ്. സ്വകാര്യ തെറാപ്പി കേന്ദ്രങ്ങളിൽ കൊണ്ടുപോയാണ് ഇപ്പോൾ മക്കളെ രക്ഷിതാക്കൾ തെറാപ്പി ചെയ്യുന്നത്.
മന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടും ഒരു കാര്യവുമുണ്ടായില്ലെന്നാണ് ഇവർ പറയുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ അവസ്ഥ ഇതോടെ തീർത്തും ദുരിതത്തിലായി. തെറാപ്പിസ്റ്റിന്‍റെ സേവനം ഇല്ലാതായതോടെ കുട്ടികൾ ബഡ്‌സ് സ്‌കൂളിലേക്ക് വരാതെയായി.
ബെള്ളൂർ, കാറഡുക്ക, മുളിയാർ, പെരിയ, കുംബഡാജെ, കയ്യൂർ പഞ്ചായത്തുകളിലെ ബഡ്‌സ് സ്‌കൂളുകളെയാണ് രണ്ട് വർഷം മുൻപ് സർക്കാർ എംസിആർസികളായി ഉയർത്തിയത്. ഒന്ന് വീതം സ്‌പീച്ച്-ഒക്യുപേഷനൽ-ഫിസിയോ തെറാപ്പിസ്റ്റുകളുടെ തസ്‌തികകളാണ് ഓരോ എംസിആർസിയിലും ഉള്ളത്. ഇങ്ങനെ ആറിടത്തായി 18 തസ്‌തികകൾ. പക്ഷേ, ആകെയുള്ളത് നാല് പേർ മാത്രമാണ്.
ഫിസിയോ തെറാപ്പിസ്റ്റ് കാറഡുക്കയിൽ മാത്രമാണുള്ളത്. ഒക്യുപേഷനൽ തെറാപ്പിസ്റ്റ് ഒരിടത്തും ഇല്ല. സ്‌പീച്ച് തെറാപ്പിസ്റ്റ് കുംബഡാജെ, പെരിയ, കയ്യൂർ എന്നിവിടങ്ങളിൽ മാത്രം. ബാക്കി എല്ലാം ഒഴിഞ്ഞുകിടക്കുകയാണ്.
നേരത്തേ ഈ തസ്‌തികകളിലൊക്കെ തെറാപ്പിസ്റ്റുകളെ നിയമിച്ചിരുന്നു. അവർ മറ്റ് ജോലികൾ ലഭിച്ച് പോയതോടെ പകരം നിയമനം നടത്തിയില്ല. ആറ് മാസത്തോളമായി ഇതേ സ്ഥിതിയാണ്. സാമൂഹിക സുരക്ഷ മിഷനാണ് തെറാപ്പിസ്റ്റുകളെ നിയമിക്കേണ്ടത്.
എംസിആർസികളിൽ എത്തുന്ന 75% കുട്ടികളും തെറാപ്പി ആവശ്യമുള്ളവരാണെന്ന് അധ്യാപിക പറയുന്നു. കാറഡുക്കയിലെ മാതൃക ശിശു പുനരധിവാസ കേന്ദ്രത്തിൽ നേരത്തെ സപീച്ച്, ഫിസിയോ തെറാപ്പികൾ ഉണ്ടായിരുന്നു. പക്ഷേ, സ്‌പീച്ച് തെറാപ്പിസ്റ്റ് പോയി. ഫിസിയോ തെറാപ്പി മാത്രം ചെയ്‌തിട്ട് കാര്യമില്ലാത്തതിനാൽ പലരും പിന്നെ കുട്ടികളെ അവിടേക്ക് അയച്ചില്ല.
പകരം ബദിയടുക്കയിലെ മാർത്തോമ്മ സ്‌കൂളിൽ കൊണ്ടുപോയി ആഴ്‌ചയിൽ മൂന്ന് ദിവസം തെറാപ്പി ചെയ്യിക്കുകയാണ് രക്ഷിതാക്കൾ. അവിടെ ചെറിയ ഫീസാണ് ഈടാക്കുന്നത്. പക്ഷെ, കുട്ടികളെ ഓട്ടോയിൽ കൊണ്ടുപോകാനും തിരിച്ചുവരാനുമൊക്കെ ദിവസം 550 രൂപ വേണമെന്ന് രക്ഷിതാക്കൾ പറയുന്നു.
ആഴ്‌ചയിൽ ഇങ്ങനെ കണക്കാക്കുമ്പോൾ 1650 രൂപയാണ് യാത്രയ്‌ക്ക് മാത്രം ചെലവാകുന്നത്. ഈ തുക താങ്ങാൻ കഴിയുന്നതല്ലെന്ന് രക്ഷിതാക്കൾ പറയുന്നു. അധികൃതർ ഇതിനാവശ്യമായ നടപടികൾ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.