തിരുവനന്തപുരം: ഐഎഎസിലേക്കുള്ള ചവിട്ടുപടിയായി വിശേഷിക്കപ്പെടുന്ന കെഎഎസിന്‍റെ പ്രാഥമിക പരീക്ഷ തുടങ്ങി. സംസ്ഥാനത്തെ 1535 കേന്ദ്രങ്ങളിലായാണ് കെഎഎസ് രൂപീകരിച്ച ശേഷമുള്ള ആദ്യ പരീക്ഷ നടക്കുന്നത്. 3.84 ലക്ഷം പേർ പരീക്ഷയെഴുതും എന്നാണ് പ്രതീക്ഷ. രണ്ട് പേപ്പറുകളായി രാവിലെയും ഉച്ചയ്‌ക്കുമായാണ് പരീക്ഷ. ആദ്യ പേപ്പർ രാവിലെ 10 മണി മുതൽ 12 വരെയും രണ്ടാമത്തേത് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയുമാണ്. ആദ്യ പേപ്പർ എഴുതുന്നവരെ മാത്രമേ രണ്ടാമത്തെ പേപ്പർ എഴുതാൻ അനുവദിക്കൂ. മുൻ മാതൃകകൾ ഇല്ലാത്തതിനാൽ പരീക്ഷയെ നേരിടേണ്ടത് എങ്ങനെയെന്ന് കാര്യമായ ധാരണയില്ലാതെയാണ് ഏറെപ്പേരും എത്തിയത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ ഉള്ളത്. 261 പരീക്ഷാകേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. 30 കേന്ദ്രങ്ങൾ മാത്രമുള്ള വയനാട്ടിലാണ് ഏറ്റവും കുറവ്. കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാഹാളിൽ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, ബോൾ പോയിന്‍റ് പേന എന്നിവ മാത്രമേ അനുവദിക്കൂ. പരീക്ഷാകേന്ദ്രങ്ങളിൽ പൊലീസിന്‍റെയും പിഎസ്‌സി ഉദ്യോഗസ്ഥരുടെയും നിരീക്ഷണവും ഉണ്ടാകും.