തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിന് എതിരായ ഇന്ത്യ എ ടീമിന്‍റെ ഏകദിന മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങി. നാളെ രാവിലെ ഒമ്പതിന് ആദ്യമത്സരം ആരംഭിക്കും. നാളെ മുതല്‍ സെപ്‌തംബര്‍ ആറ് വരെ അഞ്ച് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇരു ടീമുകളും സ്റ്റേഡിയത്തില്‍ ഇന്ന് അവസാനവട്ട പരിശീലനത്തിന് ഇറങ്ങി. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
ഇന്ത്യ-എ ടീമിനെ ആദ്യ മൂന്ന് മത്സരങ്ങളില്‍ മനീഷ് പാണ്ഡെയാണ് നയിക്കുന്നത്. അവസാന രണ്ടു മത്സങ്ങളില്‍ ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍. ഇന്ത്യന്‍ ടീം അംഗങ്ങളായ യൂസ് വേന്ദ്ര ചഹല്‍, ദീപക് ചാഹര്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് പുറമേ മലയാളിയും വിക്കറ്റ് കീപ്പറുമായ സഞ്ജു വി സാംസൺ, വാഷിങ്‌ടണ്‍ സുന്ദര്‍ എന്നിവരും ഇന്ത്യക്കായി കളത്തിലിറങ്ങും. ഋതുമാന്‍ ഗെയ്ക്ക്വാദ്, അന്‍മോല്‍ പ്രീത് സിംഗ്, റിക്കി ഭുയി, ഇഷന്‍ കിഷന്‍, വിജയ്ശങ്കര്‍, ശിവം ദുബൈ, ക്രൂനാല്‍ പാണ്ഡെ, അക്‌സര്‍ പട്ടേല്‍, ഹാര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ഹാഹര്‍, ഖലീല്‍ അഹമ്മദ്, നിതീഷ് റാണ എന്നിവരും ടീമിലുണ്ട്. ദക്ഷിണാഫ്രിക്കന്‍ സീനിയര്‍ ടീം അംഗമായ തെംബ ബാവ്മയാണ് എ ടീമിന്‍റെ ക്യാപ്‌റ്റന്‍. എയ്ഡന്‍ മാര്‍ക്രം, ലുംഗി എന്‍ഗിഡി തുടങ്ങിയവരും ടീമിലുണ്ട്.