തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ കാരുണ്യ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത് ഒഴിവാക്കാന്‍ നാളെ (സെപ്‌റ്റംബര്‍ 28) ചര്‍ച്ച. ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് നാളെ കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷനുമായി ചർച്ച നടത്തുക. ഓൺലൈനായാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കുടിശിക ലഭിക്കാത്തതിനെ തുടർന്ന് ഒക്ടോബർ 1 മുതൽ കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷൻ സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗം ചേരാനുള്ള തീരുമാനം.
45 ലക്ഷത്തോളം കുടുംബങ്ങൾക്ക് സഹായകമാകുന്ന കാരുണ്യ ചികിത്സ പദ്ധതിയിൽ നിന്നാണ് സ്വകാര്യ ആശുപത്രികൾ പിന്മാറാന്‍ തീരുമാനിച്ചത്. ആറ് മാസം മുതൽ 1 വർഷം വരെയുള്ള കുടിശികയാണ് ആശുപത്രികൾക്ക് ലഭിക്കാനുള്ളത്. ഇത് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ പലതവണ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. മുഖ്യമന്ത്രിയ്ക്കും സംഘടന പരാതിയും നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടാക്കാത്തതിനെ തുടർന്ന് പല സ്വകാര്യ ആശുപത്രികളും പദ്ധതിയിൽ ചികിത്സ നൽകുന്നത് നിർത്തിയിരുന്നു.
ഇതിന് പിന്നാലെ സർക്കാർ 104 കോടി രൂപ കുടിശിക തീർക്കുന്നതിന് അനുവദിച്ചു. എന്നാൽ ഈ തുക അപര്യാപ്‌തമാണെന്ന് മാനേജ്‌മെന്‍റ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 200 കോടിയോളം രൂപയാണ് നിലവിൽ കുടിശികയുള്ളത്. കാരുണ്യ പദ്ധതിയിൽ നേരത്തെ 400 ലധികം സ്വകാര്യ ആശുപത്രികൾ പങ്കാളിയായിരുന്നു. എന്നാൽ പണം അനുവദിക്കുന്നതിൽ സർക്കാർ വീഴ്‌ച വരുത്തിയതോടെ ഇത് 350 ആയി കുറഞ്ഞു. ഈ 350 ആശുപത്രികൾ കൂടിയാണ് ചികിത്സ നിർത്തലാക്കാന്‍ ഒരുങ്ങിയത്.
കുടിശിക നൽകണം എന്നതിനൊപ്പം തന്നെ പുതിയ ചികിത്സ പാക്കേജ് നടപ്പാക്കണമെന്ന ആവശ്യവും ആശുപത്രി മാനേജ്മെന്‍റുകളുടെ സംഘടന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചയിൽ സർക്കാർ പ്രതികരണം അനുസരിച്ച് നിലപാട് സ്വീകരിക്കുമെന്ന് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു. ഇപ്പോൾ അനുവദിച്ച 104 കോടി രൂപ അപര്യാപ്‌തമാണ്. ഇത്രയും വലിയ കുടിശികയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും ആബിദ് ഹുസൈൻ തങ്ങൾ വ്യക്തമാക്കി.
കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെന്ന് സര്‍ക്കാര്‍: കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് കുടിശിക അനുവദിക്കുന്നതിൽ കാലതാമസം എന്നാണ് സർക്കാറിന്‍റെ ഔദ്യോഗിക വിശദീകരണം. എന്നാൽ സംസ്ഥാനം കടന്ന് പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ചികിത്സ മേഖലയെ ബാധിക്കുന്നത്. ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ രോഗികൾ എത്തുന്ന പശ്ചാത്തലമാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലുള്ളത്. കാരുണ്യ പദ്ധതിയിലെ സ്വകാര്യ പങ്കാളിത്തം കൂടി നിലയ്ക്കുന്നതോടെ ചികിത്സ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഉറപ്പാണ്.