തിരുവനന്തപുരം: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. പരോളിൽ കഴിയുന്ന ഷാഫി കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ അഭിഭാഷകനൊപ്പമാണ് എത്തിയത്.
കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ എത്താൻ കഴിയില്ലെന്ന് ഷാഫി അറിയിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച ഹാജരാകാന്‍ കസ്റ്റംസ് നിർദ്ദേശിച്ചതെങ്കിലും ജൂലൈ പത്താം തീയതി തന്നെ ഷാഫി ഹാജരായി. എന്നാൽ ചോദ്യം ചെയ്യാതെ കസ്റ്റംസ് മടക്കി അയച്ചു. തുടർന്നാണ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യുന്നത്.
ഷാഫിയെ ചോദ്യം ചെയ്യുമെന്ന് കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പരിഗണിക്കുന്ന എ.സി.ജെ.എം കോടതിയെ നേരത്തെ തന്നെ കസ്റ്റംസ് അറിയിച്ചിരുന്നു.സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയും ഷാഫിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ മുദ്രവെച്ച കവറിൽ കസ്റ്റംസ് സമർപ്പിച്ചിരുന്നു. അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ ഷാഫി സഹായിച്ചുവെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയുടെ മൊഴിയെ തുടർന്നാണ് ഷാഫി കസ്റ്റംസിന്‍റെ അന്വേഷണ പരിധിയിൽ വന്നത്.
അർജുനെ ഷാഫിയുടെ വീട്ടിലെത്തിച്ച് കസ്റ്റംസ് തെളിവെടുപ്പ് നടത്തിയിരുന്നു. അർജുൻ ആയങ്കിയുടെ കണ്ണൂർ സ്വർണ്ണ കടത്ത് സംഘത്തിന്‍റെ രക്ഷാധികാരികളായിരുന്നു ടി.പി.വധക്കേസ് പ്രതികളായ കൊടിസുനിയും ഷാഫിയുമെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Also read: കൂടുതൽ ഇളവുകളുമായി കേരളം;കടകള്‍ രാത്രി എട്ട് വരെ,വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും