തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ അവജ്ഞയോടെ തള്ളുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡിയും എൻഐഎയും ഒന്നര വർഷം അന്വേഷിച്ചു. ഒടുവിൽ വാദിയും ഇല്ല പ്രതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി രാഷ്ട്രീയമായി ഇടതുമുന്നണി സർക്കാരിനെതിരെ കൊണ്ടുവന്ന കേസാണിത്. അന്വേഷണ ഘട്ടങ്ങളെല്ലാം കഴിഞ്ഞ് ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ല. സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പി സി ജോർജിന് ബന്ധമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പങ്കുണ്ടെങ്കിൽ അവർ ഏറ്റെടുക്കട്ടെ എന്നായിരുന്നു കാനത്തിന്‍റെ മറുപടി.
സ്വർണക്കടത്ത് കേസിലെ കുറ്റാരോപിതയായ സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തലിന് മാധ്യമങ്ങൾ അനാവശ്യ പ്രാധാന്യം നൽകുകയാണെന്നും കാനം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് ഗുരുതര ആരോപണമാണ് സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് ഇന്നലെ നടത്തിയത്. മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനുമെതിരെയാണ് സ്വപ്‌ന സുരേഷ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.
Also read: സ്വപ്നയുടെ ആരോപണം: 'സത്യം ആര്‍ക്കും മൂടിവയ്ക്കാനാവില്ല'- ഉമ്മൻ ചാണ്ടി