തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നരേന്ദ്ര മോദിയോട് ഉപമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ സംഭവം വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വാദം. ഏറ്റുമുട്ടലാണെങ്കില്‍ പൊലീസുകാര്‍ക്ക് വെടിയേല്‍ക്കണ്ടതല്ലേയെന്ന ചോദ്യത്തിന് പൊലീസുകാര്‍ക്ക് വെടികൊള്ളാത്തതിലുള്ള വിഷമമാണോ എന്നായിരുന്നു നരേന്ദ്ര മോദിയുടെ മറുപടിയെന്നും കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച എന്‍.ഷംസുദീന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയും ഇതേ മറുപടിയാണ് നല്‍കിയത്. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ഈ മറുപടി ചൂണ്ടിക്കാട്ടിയപ്പോഴാണ് കാനം രാജേന്ദ്രന്‍ നരേന്ദ്ര മോദിയുടെ പഴയ മറുപടി ചൂണ്ടിക്കാട്ടി പിണറായി വിജയനെ നരേന്ദ്ര മോദിയോട് ഉപമിച്ചത്.