തിരുവനന്തപുരം: തുടര്‍ഭരണം നഷ്ടമാകുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കാനം പറഞ്ഞു. തുടര്‍ഭരണ സാധ്യതകള്‍ക്ക് മങ്ങലേറ്റു എന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയെന്നാണ് പ്രചാരണം. എന്നാല്‍ അങ്ങനെയൊന്നും താന്‍ പറഞ്ഞിട്ടില്ല. മങ്ങിയാല്‍ അത് തേച്ച് മിനുക്കാമല്ലോയെന്നും കാനം പ്രതികരിച്ചു.
സിപിഐ മത്സരിച്ച് ജയിച്ച ഒരു സീറ്റും തങ്ങള്‍ക്ക് നഷ്ടമായിട്ടില്ല. കാഞ്ഞിരപ്പള്ളി കഴിഞ്ഞ 30 വര്‍ഷമായി സിപിഐ തോല്‍ക്കുന്ന സീറ്റാണ്. അവിടെ നിന്നും ഏറ്റവും അവസാനം ജയിച്ചത് താനാണ്. ജോസ് കെ.മാണിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കിയതില്‍ തെറ്റില്ലെന്നും കാനം പറഞ്ഞു. ഇടതുമുന്നണിയിലേക്ക് കൂടുതല്‍ പേര്‍ വരുന്നതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആരൊക്കെ എവിടെയൊക്കെ കാണുമെന്ന് പ്രവചിക്കാനാകില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് വാങ്ങിയ ജോസ് വിഭാഗം പിന്നീട് വിട്ടു പോകുമോയെന്ന ചോദ്യത്തിന് അതൊക്കെ തെരഞ്ഞെടുപ്പിന് ശേഷം പറയാമെന്നായിരുന്നു കാനത്തിന്‍റെ മറുപടി.