കോഴിക്കോട് : ഒപി ടിക്കറ്റ് നിരക്ക് വർധനവിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. കോഴിക്കോട് മെഡിക്കൽ കോളജിലാണ് പ്രതിഷേധ സമരം നടന്നത്. മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫിസിൽ കുത്തിയിരുന്ന് ഉപരോധിച്ചാണ് സമരം നടത്തിയത്. ഇന്നലെ (ഡിസംബർ 01) മുതലാണ് ഇതുവരെ സൗജന്യമായിരുന്ന ഒപി ടിക്കറ്റിന് പത്ത് രൂപ ഫീസ് ഈടാക്കി തുടങ്ങിയത്. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയാണ് നിരക്ക് വർധന ഏർപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡെൻ്റൽ കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളിലും വർധിപ്പിച്ച ഒപി ഫീസ് തന്നെയാകും രോഗികളിൽ നിന്നും ഈടാക്കുക. ഈ നിരക്ക് വർധന സാധാരണക്കാരായ രോഗികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാവിലെ നിരക്ക് വർധനക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടുമായി ചർച്ച ചെയ്തെങ്കിലും നിരക്ക് പിൻവലിക്കാൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധം ആരംഭിച്ചത്. തുടർന്ന് ഓഫിസിന് മുൻപിൽ കുത്തിയിരുന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.
ഏറെനേരം ഉപരോധം നീണ്ട് നിന്നതോടെ മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി. വരും ദിവസങ്ങളിലും ഒപി ടിക്കറ്റ് നിരക്ക് വർധനക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
Also Read: മുംബൈ പൊലീസിന്‍റെ 'അറസ്റ്റ് ഭീഷണി', യുവതിക്ക് നഷ്‌ടമായത് ലക്ഷങ്ങള്‍; സംസ്ഥാനത്ത് വീണ്ടും തട്ടിപ്പ്