തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിട്ടതിലും കോൺഗ്രസിന്‍റെ പ്രതികരണത്തിലും മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രതിയായ സോളാർ അന്വേഷണം സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു . നടപടി തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം കാനം തള്ളി. തെരഞ്ഞെടുപ്പ് വരുന്നുവെന്ന് കരുതി ഒരു കാര്യവും ചെയ്യാൻ പാടില്ല എന്നുണ്ടോ എന്നും കാനം ചോദിച്ചു.
അഞ്ച് വർഷത്തെ നടപടി പോരെന്ന പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഉമ്മൻചാണ്ടിയെ ഭയമില്ല. 2006 ലും 2016 ലും യുഡിഎഫിനെ ഉമ്മൻചാണ്ടി നയിച്ചപ്പോൾ തന്നെയാണ് എൽഡിഎഫ് വിജയിച്ചത്. സീറ്റുചർച്ച 27 ന് എൽഡിഎഫ് യോഗം ചേർന്ന ശേഷമേ ഉണ്ടാവൂ. എൽഡിഎഫിലെ രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കാനം പറഞ്ഞു.