തിരുവനന്തപുരം: കേരളാ അതിർത്തി കടക്കാനെത്തിയ അമ്പതോളം പേർ അതിർത്തിയിൽ കുടുങ്ങി. നോർക്കയിൽ ഉൾപ്പെടെ അപേക്ഷ നൽകിയവര്‍ രാവിലെ മുതൽ അതിര്‍ത്തിയിലെത്താന്‍ തുടങ്ങിയെങ്കിലും ഉച്ചയ്‌ക്ക് ശേഷം 15 പേരെ മാത്രമാണ് കടത്തിവിടാൻ സാധിച്ചത്. കളിയിക്കാവിള അതിർത്തിയിൽ പാസുമായെത്തിയ യാത്രക്കാർക്ക് കലക്‌ടറുടെ അനുവാദം ലഭിക്കാത്തതാണ് സ്ഥിതിഗതികൾ വഷളാക്കിയത്. തിരുവനന്തപുരം-കന്യാകുമാരി ജില്ലാ ഭരണകൂടങ്ങളുടെ ആശയവിനിമയത്തിലുണ്ടായ പ്രശ്‌നമാണ് കൈക്കുഞ്ഞ് മുതൽ പ്രായമായവരെ വരെ ബുദ്ധിമുട്ടിലാക്കിയത്.
രാവിലെ എട്ട് മണി മുതൽ അതിർത്തി കടത്തിവിടുമെന്ന പ്രതീക്ഷയിലാണ് പലരുമെത്തിയത്. പാറശാല എംഎൽഎ സി.കെ.ഹരീന്ദ്രൻ ഉൾപ്പെടെ സ്ഥലത്തെത്തി, ജില്ലാ ഭരണകൂടങ്ങളുമായി ചർച്ച നടത്തിയിരുന്നു. പാസ് വിതരണത്തിലെ വീഴ്‌ച പുനപരിശോധിച്ച് അടിയന്തര നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.