തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപിപ്പിക്കാനും ഇതിലൂടെ സർക്കാരിനെ വേട്ടയാടാനും ചിലർ ശ്രമിക്കുന്നതായി സംശയിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നൽകേണ്ടത്. സർക്കാർ അതിനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, തിരുവനന്തപുരത്ത് സമൂഹ വ്യാപനത്തിന് സാധ്യതയില്ലെന്നും പ്രദേശത്ത് ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കടകൾ തുറക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ബസുകളിൽ യാത്ര ചെയ്യുന്നവർ മുൻകരുതലുകൾ ഉറപ്പാക്കണമെന്നും സാമൂഹിക അകലം പാലിക്കാതെയുള്ള സമരങ്ങൾ തലസ്ഥാനത്ത് അനുവദിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ കോർപറേഷൻ അധികൃതരുടെയും എംഎൽഎമാരുടെയും യോഗം ചേരും.