തിരുവനന്തപുരം: തലസ്ഥാന നഗരത്തെ മണിക്കൂറുകളോളം സ്തംഭിപ്പിച്ച കെഎസ്ആർടിസി മിന്നല്‍ സമരത്തെ രൂക്ഷമായി വിമർശിച്ച് സർക്കാർ. കഴിഞ്ഞ ദിവസം നടന്നത് അപമാനകരമായ സമര ആഭാസമെന്ന് ഗതാഗത മന്ത്രിക്ക് വേണ്ടി കടകംപള്ളി സുരേന്ദ്രൻ നിയമസഭയില്‍ പറഞ്ഞു.
സംഭവത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് സമരം കൈകാര്യം ചെയ്യുന്നതിൽ അലംഭാവം ഉണ്ടായിട്ടില്ല. സംഭവം അറിഞ്ഞ ഉടൻ എഡിജിപിയുമായി ഗതാഗത മന്ത്രി ബന്ധപ്പെട്ടു. ഇത്തരം സമരങ്ങളെ അവകാശ സമരങ്ങളെന്നു വിളിക്കാനാകില്ല. ഈ സമരത്തെ തൊഴിലാളികൾക്കോ തൊഴിലാളി പ്രസ്ഥാനങ്ങൾക്കോ അംഗീകരിക്കാനാകില്ല. സർക്കാരും അംഗീകരിക്കില്ല. മനുഷ്യാവകാശത്തിനും പൗരാവകാശത്തിനും എതിരായ സമരങ്ങൾക്ക് സർക്കാരിന്‍റെ പിന്തുണയുണ്ടാകില്ലെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.