തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ട് ഷർട്ടൂരുന്ന ലാഘവത്തോടെ മുഖ്യമന്ത്രിക്ക് ശൈലി മാറ്റാനാകുമോ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പിണറായി വിജയൻ്റേത് 50 വർഷമായുള്ള ശൈലിയാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോൽവിക്കുള്ള ഒരു കാരണമാകാമെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടു പോകില്ലെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. ഭരണഘടനാപരമായ ബാധ്യത നടപ്പാക്കിയപ്പോൾ സർക്കാർ വിശ്വാസത്തിന് എതിരാണെന്ന് കോൺഗ്രസും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള പല കാരണങ്ങളിലൊന്ന് ശബരിമല തന്നെയാണ്. എൽഡിഎഫിന്‍റെ പരമ്പരാഗത ഹിന്ദു വോട്ടിൽ ചോർച്ച ഉണ്ടായി. എന്നാൽ ശബരിമല നിലപാടിൽ മാറ്റം വരുത്തില്ല. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന് ഭരണഘടനാ ബാധ്യത ശബരിമലയിൽ നടപ്പാക്കും. സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചാൽ പിണറായി വിജയനും ദേവേന്ദ്ര ഫട്നാവിസിനും ഇങ്ങനെ മാത്രമേ ചെയ്യാൻ കഴിയൂ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
പിണറായി വിജയന്‍റെ ശൈലി അറിഞ്ഞു തന്നെയാണ് ജനങ്ങൾ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്. ശൈലി മാറ്റണമെന്ന പിടിവാശി മാധ്യമങ്ങൾക്കാണെന്നും ശൈലി മാറിയതുകൊണ്ട് പോയ വോട്ടുകൾ തിരിച്ചു കിട്ടുമോ എന്നും തിരുവനന്തപുരം പ്രസ്ക്ലബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ കാനം രാജേന്ദ്രൻ ചോദിച്ചു .