തിരുവനന്തപുരം: സംരംഭങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള എകജാലക സംവിധാനമായ കെ സ്വിഫ്റ്റ് വഴി പ്രതിസന്ധികാലത്തെ തരണം ചെയ്യുകയാണ് മണ്ണലയിലെ സിന്ധുലേഖ - ചിത്രകുമാർ ദമ്പതികൾ. തീരാദുരിതത്തിന്‍റെ കൊവിഡ് കാലത്ത് ചെറുകിട സംരംഭം ലാഭകരമാക്കുകയാണ് ഈ ദമ്പതികൾ. പേരൂർക്കട അമ്പലംമുക്കിലെ ഇവരുടെ 500 ചതുരശ്ര അടി വലിപ്പമുള്ള മുറിയിൽ തന്നെയാണ് ഉത്പാദനവും വിപണനവുമെല്ലാം നടത്തുന്നത്.
കൊപ്ര ആട്ടി വെളിച്ചെണ്ണയെടുക്കാൻ തുടങ്ങിയ സ്ഥാപനം പടിപടിയായി മെച്ചപ്പെട്ട് അരിപ്പൊടിയും ചമ്മന്തിപ്പൊടിയും ചിരകിയ തേങ്ങ വരെയെത്തി നിൽക്കുന്നു. നാലു ലക്ഷത്തിന്‍റെ വായ്പയിൽ തുടങ്ങിയ നിക്ഷേപം പത്തു ലക്ഷത്തിലെത്തി. ബാങ്കുവായ്പ മുടങ്ങുന്ന സാഹചര്യമില്ല.
സംസ്ഥാന സർക്കാരിന്‍റെ കെ- സ്വിഫ്റ്റ് പദ്ധതി വഴി രജിസ്റ്റർ ചെയ്തതിനാൽ അതിവേഗമാണ് വ്യവസായത്തിന് അനുമതിയും ലഭിച്ചത്. കൊവിഡ് കൊണ്ടുവന്ന കഷ്‌ടകാലത്തെ അതിജീവിച്ച തങ്ങളുടെ വിജയത്തിന്‍റെ മാതൃക പങ്കു വയ്ക്കുകയാണ് ഈ ദമ്പതികൾ.
എന്താണ് കെ സ്വിഫ്റ്റ് പദ്ധതി
സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതിക്കായി സംരംഭകർ ഓഫിസുകൾ കയറിയിറങ്ങി നടക്കേണ്ടി വരാറുണ്ട്. ഇത്തരം അവസ്ഥ സംരംഭകരെ പിന്തിരിപ്പിക്കുന്നുവെന്ന പരാതിയുമുണ്ട്. ഇതിന് പരിഹാരമായാണ് സർക്കാർ കെ-സ്വിഫ്റ്റ് (സിംഗിൾ വിൻഡോ ഇൻ്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പേരൻ്റ് ക്ലിയറൻസ്) അവതരിപ്പിച്ചത്.
READ MORE: ETV Bharat Exclusive: കെ-സ്വിഫ്റ്റ്: സൃഷ്ടിച്ചത് 35,000ലേറെ തൊഴിലവസരങ്ങൾ
35000ലേറെ തൊഴിലവസരങ്ങൾ സൃഷ്‌ടിച്ച് കെ സ്വിഫ്‌റ്റ്
കെ-സ്വിഫ്റ്റ് വഴി സംസ്ഥാനത്ത് ഇതുവരെ സൃഷ്ടിച്ചത് 35000 ലേറെ തൊഴിലവസരങ്ങളെന്ന് റിപ്പോർട്ട്. 2073.68 കോടി രൂപയുടെ നിക്ഷേപം നടന്നതായാണ് വ്യവസായ വകുപ്പിൻ്റെ പുതിയ കണക്ക്. ഒന്നും രണ്ടും പതിപ്പുകൾ പ്രയോജനകരമാണെന്ന വിലയിരുത്തലിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി കെ-സ്വിഫ്റ്റ് വിപുലീകരിക്കാനാണ് സർക്കാർ തീരുമാനമെന്ന് വ്യവസായ വികസന കോർപ്പറേഷൻ ഡയറക്‌ടർ എംജി രാജമാണിക്യം അഭിപ്രായപ്പെട്ടിരുന്നു.