തിരുവനന്തപുരം: ലാലു പ്രസാദ് യാദവിനേക്കാൾ വലിയ അഴിമതിക്കാരാനാണ് പിണറായി വിജയൻ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
കഴിഞ്ഞ നാല് വർഷം കൊണ്ട് കേരളത്തിൽ നടപ്പിലായ സർക്കാരിന്‍റെ എല്ലാ പദ്ധതികളും പിണറായിക്കും കുടുംബത്തിനും പണം ഉണ്ടാക്കാനുള്ള ഉപാധിയായിരുന്നു. ലൈഫ് അഴിമതിയിലെ ഒരു ഐ ഫോൺ പോയത് എവിടേയ്ക്ക് എന്നറിയാൻ ക്ലിഫ് ഹൗസിൽ തിരച്ചിൽ നടത്തിയാൽ മതി. വ്യവസായ സുരക്ഷ പൊലീസിനെ ഇറക്കി സെക്രട്ടേറിയറ്റ് അടച്ചു പൂട്ടിയാലൊന്നും പ്രതിഷേധങ്ങളിൽ നിന്നും രക്ഷപ്പെടാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച സമര ശൃംഖലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സുരേന്ദ്രൻ. പാറശാല മുതൽ മഞ്ചേശ്വരം വരെയായിരുന്നു പ്രതിഷേധം.