തിരുവനന്തപുരം: കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (Satyajit Ray Film Institute) അധ്യക്ഷനായി നിയമിച്ചതില്‍ സുരേഷ് ഗോപിക്ക് (Suresh Gopi) അതൃപ്‌തിയുണ്ടെന്ന വാര്‍ത്തകളെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (K Surendran). പ്രചരിക്കുന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്നും സുരേഷ് ഗോപി തൃശൂരില്‍ നിന്ന് തന്നെ ജനവിധി തേടുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് (Facebook) കുറിപ്പിലൂടെ അറിയിച്ചു. അതേസമയം നിയമനത്തെക്കുറിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം മുന്‍കൂട്ടി അറിയിക്കാത്തതില്‍ സുരേഷ് ഗോപി സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം: ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതൽ മലയാളം ചാനലുകൾ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ 'അതേ'ചാനൽ. പിന്നെ കാക്കക്കൂട്ടം പോലെ എല്ലാവരും ചേർന്ന് ആക്രമണം. ഒരു വാർത്ത കൊടുക്കുന്നതിനുമുൻപ് വസ്‌തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്കാർക്ക്. ഇത് കോൺഗ്രസ് അജണ്ടയാണ്. പാലാക്കാരനായ ഒരു കോൺഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യമാധ്യമത്തിൽ പോസ്‌റ്റിടുന്നത്. 'അതേ'ചാനലിലെ കോൺഗ്രസ് ഏജന്‍റായ റിപ്പോർട്ടറാണ് ആദ്യം ഇത് ബ്രേക്ക് ചെയ്യുന്നത്. തൃശ്ശൂരിൽ പ്രതാപന്‍റെ വിജയം ഉറപ്പുവരുത്താൻ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങൾ. ഇനിയും ഇത്തരം വാർത്തകൾ വന്നുകൊണ്ടേയിരിക്കും. അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകൾ. സുരേഷ് ഗോപിയെ വടക്കുന്നാഥന്‍റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല.
അമര്‍ഷം എന്തിന്: എന്നാല്‍ ചാനല്‍ സ്‌ക്രോളുകളിലൂടെയാണ് സുരേഷ് ഗോപി തന്‍റെ പുതിയ നിയമനം സംബന്ധിച്ച വിവരം അറിഞ്ഞതെന്നും ഇതിന്‍റെ അമര്‍ഷം ബിജെപി കേന്ദ്ര നേതൃത്വത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹം നേരിട്ട് അറിയിച്ചേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഡല്‍ഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും നേരില്‍ കണ്ടേക്കുമെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും തൃശൂരില്‍ നിന്ന് സുരേഷ് ഗോപി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. മാത്രമല്ല കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പദയാത്ര ഉള്‍പ്പടെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിനിടെയായിരുന്നു പുതിയ നിയോഗം സുരേഷ് ഗോപിയെ തേടിയെത്തുന്നത്.
മൂന്ന് വര്‍ഷത്തേക്കുള്ള നിയമനമായതിനാല്‍ തന്നെ അദ്ദേഹത്തിന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സാധിച്ചേക്കില്ലെന്നും ഇത് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്‍റെ എതിര്‍പ്പെന്നുമായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍ ഇതിനെയെല്ലാം തള്ളിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.
സുരേഷ് ഗോപിയെ വേണ്ടെന്ന് വിദ്യാര്‍ഥി സംഘടന: എന്നാല്‍ സുരേഷ് ഗോപിയെ അധ്യക്ഷനാക്കിയത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ അദ്ദേഹത്തിന്‍റെ നിയമനത്തിനെതിരെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി യൂണിയനായ എസ്ആർഎഫ്‌ടിഐ സ്റ്റുഡന്‍റ് യൂണിയൻ രംഗത്തെത്തിയിരുന്നു. ഹിന്ദുത്വ ആശയവുമായും ബിജെപിയുമായുമുള്ള സുരേഷ് ഗോപിയുടെ ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു എസ്ആർഎഫ്‌ടിഐയുടെ എതിര്‍പ്പ്.