തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ വ്യാമോഹമാണ് സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കയ്യിട്ട് വാരാൻ മാത്രം ഉദ്ദേശിച്ചാണ് രണ്ട് ലക്ഷം കോടി രൂപ മുതൽ മുടക്കി കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയായ സിൽവർലൈനിന് വേണ്ടി ഇടതുപക്ഷം വാശിപിടിക്കുന്നതെന്നും കെ സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. കേരളത്തിന്‍റെ പരിസ്ഥിതിയേയും നിരവധി കുടുംബങ്ങളേയും വഴിയാധാരമാക്കുന്ന പദ്ധതിക്ക് മോദി സർക്കാർ ഒരിക്കലും അംഗീകാരം നൽകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും സിൽവർലൈനിനു വേണ്ടി ശ്രമിക്കുന്നത് അഴിമതി ലക്ഷ്യംവച്ചാണ്. കേരളത്തിൽ വന്ദേഭാരത് എക്‌സ്‌പ്രസ് അനുവദിച്ചപ്പോൾ മലയാളികൾ സന്തോഷിക്കുകയും സിപിഎമ്മും യുഡിഎഫും ദുഃഖിക്കുകയുമാണ് ചെയ്‌തതെന്നും സുരേന്ദ്രൻ പറഞ്ഞു. രണ്ട് മുന്നണികളുടെയും നിരാശയ്ക്ക് കാരണം കമ്മിഷൻ അടിക്കാൻ സാധിക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിൽവർലൈൻ പോലെ ജപ്പാനിലെ രണ്ടാംകിട സാമഗ്രികളല്ല വന്ദേ ഭാരത്തിന്‍റേത്. ആത്മനിർഭർ ഭാരതിൻ്റെ ഭാഗമായ വന്ദേഭാരത് പൂർണമായും ഇന്ത്യയിലാണ് നിർമിച്ചത്. മുഖ്യമന്ത്രിയും സർക്കാരും സിൽവർലൈനിനുവേണ്ടി ചെലവാക്കിയ 67 കോടി രൂപയുടെ നഷ്‌ടത്തിന് മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐയേയും സുരേന്ദ്രൻ പരിഹസിച്ചു. മുഖ്യമന്ത്രി ഇതുവരെ പറഞ്ഞത് വന്ദേഭാരത് സംസ്ഥാനത്തിന് കേന്ദ്രം നൽകില്ലെന്നായിരുന്നു. എന്നാൽ വന്ദേഭാരത് കേരളത്തിന് നൽകിയപ്പോൾ അത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നാണ് ഡിവൈഎഫ്ഐ പറഞ്ഞത്. ഇത്തരത്തിലുള്ള രാഷ്ട്രീയ അടിമകൾ ലോകത്ത് വേറെവിടെയും കാണില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.
അതേസമയം, കേന്ദ്രം അനുവദിച്ച വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ ഏപ്രിൽ 14 നാണ് തിരുവനന്തപുരത്തെത്തിയത്. നിലവില്‍ കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനിലെ റെയിൽവേ യാർഡിലാണ് ട്രെയിനുള്ളത്. കൊച്ചുവേളിയിൽ വൈകിട്ട് ആറിനെത്തിയ ട്രെയിനെ കേന്ദ്രമന്ത്രി വി മുരളീധരനും നൂറ് കണക്കിന് ബിജെപി പ്രവർത്തകരും ചേർന്നാണ് സ്വീകരിച്ചത്. പെരമ്പൂർ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിലാണ് വന്ദേഭാരത് ട്രെയിൻ നിർമിച്ചത്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
കൂടാതെ ട്രെയിനിന്‍റെ ടിക്കറ്റ് നിരക്കും സമയക്രമവും പിന്നീട് നിശ്ചയിക്കും. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും വന്ദേഭാരതിന് സ്‌റ്റോപ്പുകളുണ്ടാവുക. 52 സെക്കന്‍റുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാൻ കഴിയുമെന്നതാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകത. ട്രെയിനിന് മുന്നിലും പിന്നിലും ഡ്രൈവർ ക്യാബിനുകളുമുണ്ട്.
വരുന്ന 24 ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 25ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കും. ഉദ്ഘാടന പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവും പങ്കെടുക്കും. മെട്രോ ട്രെയിനുകൾക്ക് സമാനമായി താരതമ്യേന കനം കുറഞ്ഞ സ്റ്റെയിൻലെസ് സ്‌റ്റീലുകൾ ഉപയോഗിച്ചാണ് വന്ദേഭാരതിന്‍റെ കോച്ചുകൾ നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ തുരുമ്പെടുക്കുകയില്ലെന്ന പ്രത്യേകതയുമുണ്ട്.