തിരുവനന്തപുരം: പ്രവാസി വിഷയത്തിൽ തിരിച്ചടിയുണ്ടായതിന്‍റെ ജാള്യത മറയ്ക്കാനാണ് മന്ത്രിമാരും ഇടതു നേതാക്കളും കേന്ദ്ര മന്ത്രി വി. മുരളീധരനെതിരെ ആരോപണമുന്നയിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രവാസികളുടെ മടങ്ങിവരവ് തടയാനുള്ള സംസ്ഥാന സർക്കാരിന്‍റെ ഒരു കുത്തിത്തിരിപ്പും കേന്ദ്രത്തോട് നടപ്പാവില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രം അയച്ച രണ്ട് കത്തുകളിൽ ഒരെണ്ണം മനപൂർവം മറച്ചു വെച്ചാണ് നിലവാരമില്ലാത്ത പി. ആർ പ്രചാരവേല നടത്തുന്നത്. ഇത് ചൂണ്ടിക്കാണിച്ചതിനാണ് വി. മുരളീധരനെതിരെ നേതാക്കൾ രംഗത്തു വന്നത്. എന്തിനാണ് ഇത്രയും തരം താണ പ്രചാരണം മുഖ്യമന്ത്രി നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കുമായി കേന്ദ്രം അയച്ച കത്തിനെ എടുത്തു പൊക്കുന്ന അൽപത്തരവും വങ്കത്തരവും അർധരാത്രി കുടപിടിക്കുന്നതുമായ സ്വഭാവം സർക്കാർ അവസാനിപ്പിക്കണമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.