തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പോകുന്നതും ചന്ദനക്കുറിയിടുന്നതും വര്‍ഗീയതയുടെ അടയാളമല്ലെന്ന എ കെ ആന്‍റണിയുടെ അഭിപ്രായം കോണ്‍ഗ്രസിൻ്റെ പൊതുരാഷ്ട്രീയ നയമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. മതത്തിന്‍റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ ആചാരങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തില്ലെന്നും സുധാകരൻ പറഞ്ഞു.
വര്‍ഗീയ ചിന്താഗതികള്‍ ഗ്രസിച്ച വിഷലിപ്‌തമായ മനസിനെയാണ് കോണ്‍ഗ്രസ് എന്നും ശക്തിയായി എതിര്‍ത്തിട്ടുള്ളത്. മതേതരമൂല്യങ്ങളും ഉയര്‍ന്ന ജനാധിപത്യ ബോധവും കാത്തുസൂക്ഷിക്കുന്ന കോണ്‍ഗ്രസിന് ഒരു വര്‍ഗീയതയുമായും സമരസപ്പെട്ട് പോകാനാകില്ല. അത് കോണ്‍ഗ്രസിന്‍റെ പാരമ്പര്യമാണ്.
പള്ളികളിലും അമ്പലത്തിലും പോകുന്നത് കൊണ്ട് ആരും വര്‍ഗീയ വാദികളാവുന്നില്ല. വിശ്വാസികള്‍ക്ക് വര്‍ഗീയ നിറം നല്‍കി അവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ശൈലിയാണ് സിപിഎമ്മിനും ബിജെപിക്കുമുള്ളതെന്നും സുധാകരൻ പ്രസ്‌താവനയിൽ ആരോപിച്ചു.