തിരുവനന്തപുരം: മുല്ലപ്പെരിയാരില്‍ മരം മുറിക്കുള്ള അനുമതി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ആഭ്യന്തര വകുപ്പറിയാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങില്ല. വനം വകുപ്പ് മന്ത്രി ഉത്തരവിനെ പറ്റി അറിയണമെന്നില്ല. തന്‍റെ വകുപ്പില്‍ നടക്കുന്നതൊന്നും അറിയുന്നില്ലെന്ന് വനം മന്ത്രി മുട്ടില്‍ മരം മുറി വിവാദത്തിലും പറഞ്ഞിട്ടുണ്ട്.
വകുപ്പ് മന്ത്രി അറിയാതെ കാര്യങ്ങല്‍ നടക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തെ ഭരിക്കുന്ന സംവിധാനത്തിന് ചേര്‍ന്നതല്ല. ഉദ്യോഗസ്ഥര്‍ ഭരിക്കുന്ന വകുപ്പില്‍ എങ്ങനെയാണ് ഒരു മന്ത്രി ഇരിക്കുന്നത് എന്നത് അദ്ഭുതപ്പെടുത്തുന്നു. ആത്മാഭിമാനമുണ്ടെങ്കില്‍ ശശീന്ദ്രന്‍ രാജിവെയ്ക്കുകയാണ് ചെയ്യേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ പാടില്ലെന്നതാണ് കേരളത്തിന്‍റെ പൊതുനിലപാട്. എന്നാല്‍ ഈ പൊതുതാല്‍പ്പര്യത്തെ ഒറ്റികൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. തമിഴ്‌നാടിന്‍റെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്.
read more: മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് വനംമന്ത്രി അറിയാതെ; നടപടി വിവാദത്തിൽ
ഇത്തരം വിവാദ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യക്തി താല്‍പ്പര്യമുണ്ടാവും. അത് പുറത്ത് കൊണ്ടു വരണം. വിവാദ ഉത്തരവ് പിന്‍വലിക്കണം. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ഉത്തരവിന് പിന്നിലെ ഗൂഡാലോചനയറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആവകാശമുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.