തിരുവനന്തപുരം : മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്താനായെങ്കിലും യു.ഡി.എഫ് സീറ്റുകള്‍ ഇരട്ടിയാക്കി ഉയര്‍ത്തിയത് കേരളത്തിന്റെ മാറുന്ന രാഷ്ട്രീയത്തിന്റെ ഫല സൂചികയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ജനവിധി അംഗീകരിക്കുന്നു. എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്‌ക്കാനും യു.ഡി.എഫിന് നിലമെച്ചപ്പെടുത്താനും സാധിച്ചത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഐക്യത്തിന്റെയും ഒരുമയുടെയും വിജയമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വിജയം യു.ഡി.എഫിന്‍റെ കഠിനാധ്വാനം : സമീപകാലങ്ങളില്‍ തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് നടത്തിയ മുന്നേറ്റം ഭരണമില്ലാതിരുന്നിട്ടും കേരളം മാറുന്നതിന്‍റെ സൂചനയാണ്. സി.പി.എം ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂര്‍ നഗരസഭയില്‍ ഏഴില്‍ നിന്ന് 14 ആയി സീറ്റ് വര്‍ധിപ്പിക്കുക എന്നത് യു.ഡി.എഫിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. വര്‍ഗീയ കക്ഷികളുമായി ചേര്‍ന്നുള്ള വോട്ടുകച്ചവടവും കള്ളവോട്ടും ഉള്‍പ്പടെ നടത്തി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും അവരുടെ കോട്ടകളില്‍ തിളക്കമാര്‍ന്ന നേട്ടമാണ് കോണ്‍ഗ്രസും യു.ഡി.എഫും നേടിയത്.
സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പോലും അപ്രാപ്യമായിരുന്നിട്ടും എല്ലാത്തരം വെല്ലുവിളികളെയും അതിജീവിച്ച് വിജയം നേടാനായത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ്. സി.പി.എമ്മിന്‍റെ കപടതയും ജനദ്രോഹ നിലപാടും തിരിച്ചറിഞ്ഞ് വോട്ട് രേഖപ്പെടുത്തിയ എല്ലാ ജനാധിപത്യ വിശ്വാസികളെയും നന്ദി അറിയിക്കുന്നു.
മട്ടന്നൂരിലെ ഈ ഐക്യസന്ദേശം സംസ്ഥാനം മുഴുവന്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാല്‍ വരുന്ന ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ എതിരാളികളെ നിലംപരിശാക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും സാധിക്കുമെന്ന് സുധാകരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.