തിരുവനന്തപുരം : കുത്തഴിഞ്ഞ പൊലീസ് സംവിധാനമാണ് കേരളത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും വര്‍ദ്ധിക്കാന്‍ കാരണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. പൊലീസിനെ നീതിപൂര്‍വം പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. സര്‍ക്കാര്‍ നിയന്ത്രിതമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ഇതാണ് കേരളത്തില്‍ അക്രമം വര്‍ദ്ധിക്കാന്‍ കാരണമെന്ന് കെ സുധാകരന്‍ പറഞ്ഞു.
കൊലപാതകങ്ങള്‍ പതിവാകുന്ന ഒരു സംസ്ഥാനമായി കേരളം മാറി. ഇത്രയും കൊലപാതകങ്ങള്‍ ഒരു സംസ്ഥാനത്തും നടക്കുന്നില്ല. എന്നാല്‍ ഇതിനെ നിയന്ത്രിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അക്രമം നടത്തുന്നവരെ സംരക്ഷിക്കുകയും ഇരകളായവരെ വേട്ടയാടുകയുമാണ് പിണറായിയുടെ പൊലീസ് നയം. അതുകൊണ്ട് തന്നെ ക്രമസമാധാനം പാലിക്കാന്‍ പൊലീസിന് കഴിയുന്നില്ല. രാഷ്ട്രീയമായ നിയന്ത്രണത്തിലാണ് പൊലീസിന്‍റെ പ്രവര്‍ത്തനമെന്നും സുധാകരന്‍ ആരോപിച്ചു.
ALSO READ: കൊലപാതകം നടത്തിയത് ആര്‍.എസ്.എസ് പരിശീലനം ലഭിച്ചവർ: കോടിയേരി ബാലകൃഷ്ണൻ
സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. കൊല നടത്തിയ ശേഷം മൃതദേഹം പൊലീസ് സ്‌റ്റേഷനില്‍ വലിച്ചെറിയുന്നു. കൊല നടത്തിയ ശേഷം വെട്ടിയെടുത്ത കാലുമായി ബൈക്കില്‍ സഞ്ചരിക്കുന്നു.
ഇതൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്. ഇതിനുപിന്നില്‍ ലഹരി ഉപയോഗമാണ് പ്രധാന കാരണം. യുവാക്കള്‍ക്കിടയില്‍ ലഹരി വ്യാപകമാകുകയാണ്. ക്യാംപസുകളില്‍ കുട്ടികള്‍ ലഹരിക്കടിമകളാകുന്നു.
എന്നാല്‍ പരിശോധന നടത്താന്‍ ഒരു സര്‍ക്കാര്‍ സംവിധാനവും തയാറാകുന്നില്ല. സംസ്ഥാന സര്‍ക്കാറിന്‍റെ തെറ്റായ ഈ പൊലീസ് നയം തിരുത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ അക്രമം വര്‍ദ്ധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. അക്രമത്തിന്‍റെ കാര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.