തിരുവനന്തപുരം: കെ- റെയിൽ പദ്ധതി ബാധിക്കുന്ന എല്ലാവരുടെയും പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 88 കിലോമീറ്ററിൽ തൂണുകൾക്ക് മുകളിലൂടെയാണ് പാത കടന്നു പോകുന്നത്. കെ-റെയിൽ കടന്നു പോകുന്ന പ്രദേശങ്ങളിലെ തണ്ണീർ തടങ്ങൾ സംരക്ഷിക്കും. പാത കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലെയും ആരാധനാലയങ്ങളെയും പാടങ്ങളെയും കാവുകളെയും ബാധിക്കാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുക. 9,314 കെട്ടിടങ്ങളെ മാത്രമെ പദ്ധതി ബാധിക്കുയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ- റെയിൽ സംബന്ധിച്ച പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രിയുടെ മറുപടി. മോൻസ് ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പദ്ധതിയെക്കുറിച്ച് ജനങ്ങൾക്ക് ആശങ്ക ഉണ്ടെന്നും റവന്യുമന്ത്രിയുടെ എതിർപ്പ് മറികടന്നാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നെന്നും ചെന്നിത്തല ആരോപിച്ചു.