തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി നേരിട്ടുവെന്ന് കെ. മുരളീധരൻ. യുഡിഎഫിന്‍റെ പരാജയ കാരണം സംബന്ധിച്ച ചർച്ചകൾ പലതും നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പിണറായി വിജയൻ നടത്തിയ ആദ്യ പത്ര സമ്മേളനത്തിൽ നിന്നും അദ്ദേഹത്തിന് ഏറ്റവും ദുഃഖം നേമത്ത് ബിജെപിയുടെ വോട്ട് കുറഞ്ഞതിലും രണ്ടാം ദുഃഖം കോൺഗ്രസിന്‍റെ വോട്ട് കൂടിയതിലുമാണെന്നും മുരളീധരൻ പറഞ്ഞു. ബിജെപി കേരളത്തിൽ ഇല്ലാതാകണം എന്നല്ല മുഖ്യമന്ത്രിയുടെ ആഗ്രഹമെന്നും കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ഒരു വഴിയായാണ് അദ്ദേഹം ബിജെപിയെ കാണുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ ജനങ്ങൾ വീണ്ടും വിജയിപ്പിക്കുമ്പോൾ കുറച്ച് കൂടി മാന്യത മുഖ്യമന്ത്രി കാണിക്കേണ്ടതായിരുന്നു എന്നും മുരളീധരൻ വിമർശിച്ചു. സംസ്ഥാനത്ത് ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാത്തത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വായനയ്ക്ക്: തിരുവനന്തപുരത്ത് ബിജെപിയുടേയും കോണ്‍ഗ്രസിന്‍റെയും വോട്ട് വിഹിതത്തില്‍ ഇടിവ്
അഖിലേന്ത്യ രാഷ്‌ട്രീയത്തിൽ സിപിഎം നിർണായക പങ്ക് വഹിക്കും എന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് അഹങ്കാരം തലക്ക് പിടിച്ചിരിക്കുകയാണെന്നും കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന ബംഗാളിൽ സിപിഎമ്മിന് ഒരു സീറ്റ് പോലും നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ലോട്ടറി അടിച്ചെന്ന് കരുതി പിണറായി എന്നും ഭരിക്കാമെന്ന് കരുതരുതെന്നും കേരളത്തിൽ കോൺഗ്രസ് തകരില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു എന്നുള്ള സിപിഎമ്മിന്‍റെ അവകാശവാദത്തിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആഗ്രഹിക്കുന്നത് ബിജെപിയുടെ വളർച്ചയാണെന്നും വത്സൻ തില്ലങ്കേരിയെ ഇടനിലക്കാരനാക്കി ബിജെപി വോട്ട് സിപിഎം വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ബിഡിജെഎസിന്‍റെ വോട്ട് എങ്ങോട്ട് പോയെന്നും അദ്ദേഹം ചോദിച്ചു.
കൂടുതൽ വായനയ്ക്ക്: യുഡിഎഫിന്‍റെ പരാജയം: എം.ലിജു ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു
നേതൃമാറ്റത്തിന്‍റെ കാര്യത്തിൽ എടുത്ത് ചാടി തീരുമാനമെടുക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. 'എക്സ്' മാറി 'വൈ' വന്നിട്ട് കാര്യമില്ല. പാർലമെന്‍ററി പാർട്ടി നേതൃത്വത്തിന്‍റെ കാര്യം എംഎൽഎമാർ നോക്കട്ടെ എന്നും മത്സരിച്ചവർക്ക് ഇതിൽ അഭിപ്രായം പറയാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്‌ത ജോലിക്ക് പ്രതിഫലം ചോദിക്കുന്ന പാരമ്പര്യം തന്‍റെ കുടുംബത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്യമായി അഭിപ്രായം പറയേണ്ട സമയം അല്ല ഇതെന്നും പ്രവർത്തകർക്ക് വല്ലാതെ മുറിവേറ്റിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മെയ് ഏഴിനു ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പരാജയകാരണങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പറയേണ്ട കാര്യങ്ങള്‍ അവിടെ പറയുമെന്നും മുരളീധരൻ വ്യക്തമാക്കി.
കൂടുതൽ വായനയ്ക്ക്: പരാജയത്തിൽ പതറില്ലെന്ന് എംഎം ഹസൻ