തിരുവനന്തപുരം: വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ട രാമനെതിരെ ചുമത്തപ്പെട്ട കൊലക്കുറ്റം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഒഴിവാക്കി. വാഹനം ഓടിച്ചിരുന്നപ്പോള്‍ ശ്രീറാം മദ്യലഹരിയിലായിരുന്നു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് കൊലക്കുറ്റം ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി. മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് ശ്രീറാമിനെതിരെ നിലനില്‍ക്കുക.
മനഃപൂര്‍വമുള്ള നരഹത്യയടക്കം പത്ത് വർഷം വരെ ലഭികാവുന്ന ശിക്ഷയിൽ നിന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഇതോടെ ഒഴിവായിരിക്കുന്നത്. അലക്ഷ്യമായി വാഹനം ഓടിച്ചതടക്കമുള്ള രണ്ടു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ശ്രീറാമിനെതിരെ ഇനി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ കേസ് ജില്ലാ കോടതി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി.
അതേസമയം കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിനെതിരെ പ്രേരണകുറ്റം മാത്രമാണ് നിലനില്‍ക്കുക. അടുത്ത മാസം 20ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിൽ ഇരുവരോടും ഹാജരാകാന്‍ കോടതി നിർദേശിച്ചു. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് ഉത്തരവ്.
കേസിൽ നിന്നും തങ്ങളെ പൂർണമായും ഒഴിവാക്കണം എന്നതായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ ഇത് കോടതി നിരസിച്ചു. അറിഞ്ഞുകൊണ്ടുള്ള ക്രൂരതയാണ് പ്രതികള്‍ ചെയ്‌തതെന്നും അമിത വേഗത അപകട കാരണമായെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. എന്നാൽ ഒരു സാധാരണ അപകടം മാത്രമാണ് നടന്നതെന്നും മരണപ്പെട്ട ആളിനോട് ഒരു പൂർവ വൈരാഗ്യവും പ്രതികള്‍ക്ക് ഇല്ല എന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ വാദം. കൊലക്കുറ്റം ഒഴിവാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.