തിരുവനന്തപുരം: വിദ്യാർഥികളുടെ കുറവിനെ തുടർന്ന് പിഎസ്‌സി വഴി നിയമിതരായ 110 ജൂനിയർ ഇംഗ്ലീഷ് അധ്യാപകരെ പുറത്താക്കാൻ ഒരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളുടെ എണ്ണവും ബാച്ചും അനുസരിച്ച് ആഴ്‌ചയിൽ ഏഴ് ഇംഗ്ലീഷ് പീരിഡിൽ താഴെയുള്ള സ്‌കൂളുകളിലെ അധ്യാപക തസ്‌തികയിൽ ഉണ്ടായിരുന്നവരാണ് ഇവർ. ഈ മാസം ഒന്നിന് ഇവരെ നിലനിർത്തിയിട്ടുള്ള ഉത്തരവിന് പിന്നാലെയാണ് പുറത്താക്കി കൊണ്ടുള്ള ഉത്തരവും വന്നിരിക്കുന്നത്.
പീരിയഡുകളിലെ മാറ്റം: ജൂനിയർ ഹയർസെക്കൻഡറി അധ്യാപക തസ്‌തിക സൃഷ്‌ടിക്കുന്നതിനുള്ള മാനദണ്ഡം മൂന്ന് മുതൽ 14 വരെ പീരിയഡുകൾ ഉണ്ടായിരിക്കണമെന്നത് ഏഴ് മുതൽ 14 വരെ പീരിയഡ് ആക്കി മാറ്റം വരുത്തിയിരുന്നു. കൂടാതെ ഏഴ് പീരിയഡിൽ താഴെയുള്ളത് ഗസ്‌റ്റ് അധ്യാപകരെ നിയമിച്ചാൽ മതിയെന്നും തീരുമാനമുണ്ടായി. ഇതനുസരിച്ചു തസ്‌തിക നിർണയം നടത്തിയപ്പോൾ സർക്കാർ സ്‌കൂളുകളിലെ 337 തസ്‌തികകളിൽ 87 സ്‌കൂളുകളിൽ മാത്രമാണ് ജൂനിയർ അധ്യാപകരുടെ തസ്‌തിക ഉണ്ടായിരുന്നത്.
ഇതേ തുടർന്നാണ് ജൂനിയർ തസ്‌തികയിൽ ജോലി ചെയ്‌തിരുന്ന 110 അധ്യാപകരെ സൂപ്പർ ന്യൂമററി തസ്‌തിക നിർമിച്ച് നിയമനം നൽകിയത്. എന്നാൽ ഈ തസ്‌തിക മാർച്ച് 31ന് അവസാനിക്കുമെന്നും റെഗുലർ തസ്‌തിക ഉണ്ടാകുന്ന മുറയ്ക്ക് ഇവർക്ക് സീനിയോരിറ്റി അനുസരിച്ച് പുനർ നിയമനം നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അറിയിച്ചു. എന്നാൽ, അത് എന്നാകും എന്നത് വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഇവർ പുറത്തുപോകുമ്പോൾ സ്‌കൂളുകൾക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ സ്‌കൂൾ പ്രിൻസിപ്പാളിന് ഗസ്‌റ്റ് അധ്യാപകരെ നിയമിക്കാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുനർ നിയമനം നൽകുമ്പോൾ സർവീസ് തുടർച്ച നഷ്‌ടപ്പെടുന്നതിനാൽ ഇവരുടെ സ്ഥാനകയറ്റം അടക്കം സർവീസിനെ ബാധിക്കാൻ സാധ്യതയുണ്ട്. അതുവരെ പുറത്ത് നിൽക്കേണ്ടി വരുന്നതിനാൽ അധ്യാപകരുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും നഷ്‌ടമാകും.
വാര്‍ഷിക പരീക്ഷ ടൈംടേബിളില്‍ മാറ്റം: അതേസമയം, സ്‌കൂളിലെ വാര്‍ഷിക പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഒന്ന് മുതല്‍ 9-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ടൈംടേബിളില്‍ മാറ്റം വന്നിരിക്കുകയാണ്. പരീക്ഷ സമയം നിശ്ചയിച്ചത് പോലെ തന്നെ മാര്‍ച്ച് 13 തിങ്കളാഴ്‌ച നടക്കും. എന്നാല്‍, നേരത്തെ ക്രമീകരിച്ചിരുന്ന വിവിധ വിഷയങ്ങളുടെ പരീക്ഷാദിവസങ്ങളിലാണ് മാറ്റം ഉണ്ടായിരിക്കുന്നത്.
ഉച്ചയ്‌ക്ക് 1.30 മുതല്‍ 3.45 വരെയും വെള്ളിയാഴ്‌ച ദിവസങ്ങളില്‍ 2.15 മുതല്‍ 4.30 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 30നാണ് എല്ലാ പരീക്ഷകളും അവസാനിക്കുക. ഏതെങ്കിലും പരീക്ഷ ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ ആ ദിവസത്തെ പരീക്ഷ മാര്‍ച്ച് 31നാവും നടക്കുക.
എസ്‌എസ്‌എല്‍സി പരീക്ഷ: പരീക്ഷകള്‍ അവസാനിച്ച ശേഷം മാര്‍ച്ച് 31ന് സ്‌കൂളുകള്‍ അടയ്‌ക്കും. ഫലപ്രഖ്യാപനം മേയ് ആദ്യ വാരത്തോട് കൂടി തന്നെ നടക്കും. സംസ്ഥാനത്ത് ചൂട് അധികമാകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ വിധം ക്ലാസ് മുറികള്‍ ക്രമീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശമുണ്ട്.
എന്നാല്‍, മാര്‍ച്ച് ഒമ്പതിനാണ് സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിച്ചത്. 2,960 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. മാര്‍ച്ച് 29ന് പരീക്ഷ അവസാനിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെയാണ് നടക്കുക.