തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഭരണപ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിന്റെ ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തു. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പചക്രം സമര്‍പ്പിച്ചതോടുകൂടിയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സംയുക്ത പ്രതിഷേധം ആരംഭിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കേരളത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ സംയുക്ത പ്രക്ഷോഭവുമായി രംഗത്തുവരുന്നത്. നേരത്തെ പൗരത്വഭേദഗതി ബില്ല് പാര്‍ലമെന്‍റില്‍ പാസാക്കാനുള്ള ശ്രമത്തിനിടയില്‍ തന്നെ മുഖ്യന്ത്രി നിയമത്തിനെതിരായ നിലപാട് വ്യക്‌തമാക്കിയിരുന്നു.
നേരത്തെ ഇരുവിഭാഗങ്ങളും നടത്തിയ ചര്‍ച്ചയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിക്ക് പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. ധര്‍ണയ്ക്കു പിന്തുണയറിയിച്ച് വിദ്യാര്‍ത്ഥി സംഘടനകളും തൊഴിലാളി സംഘടനകളും രംഗത്തെത്തി. സാംസ്‌കാരിക നായകരും ധര്‍ണയില്‍ പങ്കെടുത്തു. മനുഷ്യന്‍റെ അന്തസിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് പ്രശസ്‌ത സാഹിത്യകാരന്‍ എം.കെ സാനു പറഞ്ഞു. മന്ത്രിമാര്‍, എം.എല്‍,എ മാര്‍, മതമേലധ്യക്ഷന്മാര്‍, നവോത്ഥാന സമിതി, എല്‍ഡിഎഫ് യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു.