തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്‌ക്ക് നല്‍കുന്ന ജെ. സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്. സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‍പ്പവും അടങ്ങുന്ന ജെ. സി. ഡാനിയേല്‍ അവാര്‍ഡ്.
2021ലെ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ കെ.പി.കുമാരന്‍ ചെയര്‍മാനും, നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍, നടിയും സംവിധായികയുമായ രേവതി എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മലയാളത്തിലെ സമാന്തര സിനിമ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്‌ക്ക് കരുത്തു പകര്‍ന്ന സംവിധായകനാണ് ടി.വി ചന്ദ്രന്‍ എന്ന് ജൂറി അഭിപ്രായപ്പെട്ടു.
1975ല്‍ 'കബനീനദി ചുവന്നപ്പോള്‍' എന്ന ചിത്രത്തിലൂടെ അഭിനേതാവായി ചലച്ചിത്ര രംഗത്ത് എത്തിയ ടി.വി. ചന്ദ്രന്‍ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, നടന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ട് കാലമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യ വിമോചനത്തിനായുള്ള പുരോഗമന രാഷ്‌ട്രീയ നിലപാടുകളും ശക്തമായ സ്‌ത്രീപക്ഷ സമീപനങ്ങളും വച്ച് പുലര്‍ത്തുന്ന 15 മലയാള സിനിമകളും രണ്ടു തമിഴ് സിനിമകളും ഒരുക്കി ദേശീയ, അന്തര്‍ദേശീയ ബഹുമതികളിലൂടെ മലയാള സിനിമയുടെ യശസുയര്‍ത്തിയ ചലച്ചിത്രകാരനാണ് ടി.വി. ചന്ദ്രനെന്ന് ജൂറി ചൂണ്ടിക്കാട്ടി.
1993ല്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പടെ ഏഴ് ദേശീയ അവാര്‍ഡുകളും 10 കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ടി. വി. ചന്ദ്രന്‍ നേടിയിട്ടുണ്ട്. ഒമ്പത് ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സംവിധാനം ചെയ്‌ത 'ആലീസിന്‍റെ അന്വേഷണം' എന്ന ചിത്രം ലൊകാര്‍ണോ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ 'ഗോള്‍ഡന്‍ ലെപ്പേര്‍ഡ്' അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
കേരള സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 30-ാമത്തെ വ്യക്തിയാണ് ടി.വി. ചന്ദ്രന്‍. 'പൊന്തന്‍മാട, മങ്കമ്മ, ഡാനി, ഓര്‍മ്മകളുണ്ടായിരിക്കണം, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, കഥാവശേഷന്‍, ആടുംകൂത്ത്, ഭൂമിമലയാളം' എന്നിവയാണ് അദ്ദേഹത്തിന്‍റെ വിവിധ വിഭാഗങ്ങളില്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ച സിനിമകള്‍.
1950 നവംബര്‍ 23ന് തലശേരിയിലാണ് ടി.വി. ചന്ദ്രന്‍റെ ജനനം. അച്ഛന്‍ മുരിക്കോളി കണ്ണോത്ത് നാരായണന്‍ നമ്പ്യാര്‍, അമ്മ കാര്‍ത്ത്യായനി അമ്മ. മുഴുപ്പിലങ്ങാട് കടമ്പൂര്‍ എല്‍. പി. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, കോഴിക്കോട് ഫറൂഖ് കോളജ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം ബെംഗളൂരുവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് റിസര്‍വ് ബാങ്കില്‍ ജോലി ലഭിച്ചു.
1981ല്‍ സ്വന്തം നിര്‍മാണത്തില്‍ സംവിധാനം ചെയ്‌ത 'കൃഷ്‌ണന്‍കുട്ടി' ആണ് ആദ്യ ചിത്രം. 'ഹേമാവിന്‍ കാതലര്‍കള്‍' എന്ന രണ്ടാമത്തെ ചിത്രം തമിഴിലാണ് ചെയ്‌തത്. തുടര്‍ന്ന് ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ നിന്ന് ലോണെടുത്ത് 'ആലീസിന്‍റെ അന്വേഷണം' നിര്‍മിച്ചു. സിനിമകള്‍ക്ക് പുറമെ മൂന്ന് ഡോക്യുമെന്‍ററികളും മൂന്ന് ഹ്രസ്വ ചിത്രങ്ങളും ഒരു ടെലി സീരിയലും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. മൂന്നു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.