തിരുവനന്തപുരം: കേരള മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടെ കൊലപാതകം മദ്യ ലഹരിയിലെന്ന് പ്രതിയുടെ കുറ്റസമ്മതം. നാല് ദിവസമായി തുടർച്ചയായി മദ്യപിക്കുകയായിരുന്നു. സംഭവം നടന്ന ശനിയാഴ്ചയും മദ്യപിച്ചു. അച്ഛനൊപ്പമാണ് മദ്യപിച്ചത്. കസ്റ്റഡിയിലുള്ള അയൽവാസി സതിയാണ് മദ്യം വാങ്ങി വന്നതെന്നും അശ്വിൻ പറഞ്ഞു. ജയമോഹനൻ തമ്പിയുടെ പേഴ്സും എ.ടി.എം കാർഡും കൈകാര്യം ചെയ്യുന്നത് അശ്വിനായിരുന്നു. സംഭവ ദിവസം പിതാവ് കാർഡ് തിരികെ ചോദിക്കുകയും തുടർന്ന് വാക്കേറ്റമുണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു . കൊലപാതകത്തിന് ശേഷവും വീട്ടിൽ മദ്യപാനം തുടർന്നതായി അശ്വിൻ പൊലീസിന് മൊഴി നൽകി.
തിങ്കളാഴ്ചയാണ് ജയമോഹൻ തമ്പിയെ തിരുവനന്തപുരം മണക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെറ്റിയിൽ മുറിവേറ്റ നിലയിൽ ആയിരുന്നു മൃതദേഹം. വീടിന്‍റെ മുകളിലത്തെ നിലയിൽ താമസിക്കുന്നവർ ദുർഗന്ധത്തെ തുടർന്ന് പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് മരണ വിവരം പുറംലോകം അറിഞ്ഞത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നതിനാൽ ശനിയാഴ്ച രാവിലെയാണ് കൊല നടന്നതെന്നാണ് വിവരം .
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം നെറ്റിയിലും മുക്കിലും ഉണ്ടായ മുറിവെന്ന് സൂചന ലഭിച്ചത്. ഇതേത്തുടർന്നാണ് തമ്പിയുടെ മകൻ അശ്വിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.