തിരുവനന്തപുരം: എംജി യൂണിവേഴ്‌സിറ്റി മാര്‍ക്ക് ദാനത്തില്‍ മന്ത്രി കെടി ജലീലിനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അദാലത്തുകള്‍ ആരംഭിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. അന്ന് വിദ്യാഭ്യാസത്തിന്റെ ചുമതലയില്ലാതിരുന്നിട്ടും ഉമ്മന്‍ചാണ്ടി എങ്ങനെ അദാലത്തിന്‍റെ ഉദ്ഘാടകനായെന്ന് വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിന്റെ കുടുംബത്തിനെതിരെ ആരോപണങ്ങളുന്നയിക്കുന്നതിനോട് യോജിപ്പില്ല. വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് യുഡിഎഫ് ശൈലിയാണ്. ജാതിമത വികാരങ്ങള്‍ ഇളക്കി വിടാനുള്ള നീക്കം ജനങ്ങള്‍ തള്ളികളയും.
ജി. സുകുമാരന്‍ നായര്‍ എന്‍എസ്എസിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയും യുഡിഎഫ് ഉന്നതാധികാര സമിതി അംഗവുമായിരുന്നു. സമുദായ നേതാക്കള്‍ പറയുന്നത് സമുദായാംഗങ്ങള്‍ തള്ളിക്കളയും. അവര്‍ രഷ്ട്രീയമായി വോട്ട് രേഖപ്പെടുത്തും. എന്‍എസ്എസ് ശത്രുപക്ഷത്തല്ലെന്നും അവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലിടപെടാമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.