തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ പുറത്ത് വന്ന ശബ്‌ദരേഖ സ്വപ്‌ന സുരേഷിന്‍റേതെന്ന് ഉറപ്പിക്കാതെ ജയിൽ വകുപ്പ്. പുറത്തു വന്നിരിക്കുന്ന ശബ്‌ദ സന്ദേശം തന്‍റേതുപോലെ തോന്നുന്നെങ്കിലും പൂർണമായി ഉറപ്പില്ലെന്ന് സ്വപ്‌ന സുരേഷ് മൊഴി നൽകിയതായി ജയിൽ ഡിഐജിയുടെ റിപ്പോർട്ടിൽ പറയുന്നു. എവിടെ വച്ചാണ് പറഞ്ഞതെന്നും, ആരോട് പറഞ്ഞതാണെന്നും ഓർമയില്ലെന്ന് സ്വപ്‌ന പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ശബ്‌ദസന്ദേശം കൃത്രിമമാണോയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഡിഐജി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
സംഭവത്തില്‍ സൈബർ സെൽ അന്വേഷണം ആവശ്യപ്പെട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ് ഡിജിപിക്ക് കത്ത് നൽകി. ജയിൽ വകുപ്പിന്‍റെ വിശ്വാസ്യത സംരക്ഷിക്കാൻ പ്രത്യേക അന്വേഷണം വേണമെന്നാണ് ഋക്ഷിരാജ് സിങിന്‍റെ നിലപാട്. തന്‍റെ ശബ്‌ദമാണെന്ന് സ്വപ്‌ന സമ്മതിച്ചതായി ഇന്നലെ അട്ടക്കുളങ്ങര ജയിൽ ഡിഐജി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകണമെന്ന് കേന്ദ്ര ഏജൻസികൾ സമ്മർദം ചെലുത്തുന്നു എന്നായിരുന്നു സ്വപ്‌ന സുരേഷിന്‍റേത് എന്ന പേരിൽ സ്വകാര്യ വാർത്ത പോർട്ടൽ പുറത്തുവിട്ട ശബ്‌ദരേഖ.