തിരുവനന്തപുരം: ബന്ധു നിയമന പരാതിയില്‍ മന്ത്രി ഇ.പി ജയരാജനെതിരെ കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൂര്‍ണമായ അറിവോടും സമ്മതത്തോടും കൂടിയാണെന്ന് മുൻ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ പരാമര്‍ശം.
രാഷ്ട്രീയ നേതാക്കള്‍ നല്‍കിയ പരാതിയാകുമ്പോള്‍ അതിനു പിന്നില്‍ രാഷ്ട്രീയമുണ്ടാകും, എന്നതിനാലാണ് വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയുമായി സംസാരിച്ചത്. എന്നാല്‍ പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയതിന്‍റെ പേരിലാണ് കമ്മ്യൂണിസ്റ്റ് സർക്കാർ തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നും മുൻ ഡി.ജി.പി ജേക്കബ് തോമസ് ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
കേരളത്തിലെ ഒരു പൗരന്‍ എന്ന നിലയില്‍ അഴിമതി നിയന്ത്രിക്കുന്ന കാര്യത്തില്‍ പിണറായി വിജയനില്‍ തനിക്ക് പ്രതീക്ഷയുണ്ട്. ഫയര്‍ ഫോഴ്‌സ് ഡയറക്ടറായിരിക്കെ ഫ്‌ളാറ്റുകള്‍ക്കെതിരെ നടപടിയെടുത്തതിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ഓടിച്ചിട്ട് ആക്രമിച്ചു.
തന്നെ തകര്‍ക്കാന്‍ അന്ന് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക ഗവണ്‍മെന്‍റിനെ കൂട്ടു പിടിച്ചു. ബാര്‍ കേസ് കെട്ടിച്ചമച്ച കേസല്ലെന്നു മാത്രമല്ല താന്‍ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായിരിക്കെ തെളിവില്ലാത്ത ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. മുന്‍ ചീഫ് സെക്രട്ടറിമാരായ കെ.എം. എബ്രഹാമിന്‍റെയും ടോം ജോസിന്‍റെയും വീടുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത് വ്യക്തമായ തെളിവിന്‍റെ അടിസ്ഥാനത്തിലാണെന്നും ജേക്കബ് തോമസ് പറഞ്ഞു.