തിരുവനന്തപുരം : ഇത് എട്ട് വയസുകാരൻ ഇഷാൻ. മണക്കാട് ഗവൺമെൻ്റ് ടിടിഐ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഒന്നര മാസം മുൻപാണ് ഇഷാന് കഠിനമായ ശ്വാസതടസം അനുഭവപ്പെട്ടത്. പരിശോധനയിൽ ശ്വാസ നാളത്തില്‍ മുഴ വളരുന്നതാണ് കാരണമെന്ന് കണ്ടെത്തി. ജൂലൈ 25നാണ് ഇഷാൻ്റെ ശസ്‌ത്രക്രിയ. ശസ്‌ത്രക്രിയയ്‌ക്ക് മുൻപ് ഇഷാന് ഒരു ആഗ്രഹമുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ നേരിട്ട് കാണണം.
ഇഷാന്‍റെ ആഗ്രഹം അറിഞ്ഞതും രണ്ടാമതൊന്ന് ചിന്തിക്കാതെ മന്ത്രി മണക്കാട് തോട്ടം ജിൽജിത് ഭവനിൽ നേരിട്ടെത്തി. ആദ്യത്തെ ആഗ്രഹം മന്ത്രി സാധിച്ചുകൊടുത്തു, ഇഷാനും പിതാവ് രമേശ്, മാതാവ് അഭിജിൽ കുമാരി, സഹോദരി ഒരു വയസുകാരി ഇഷിക ജാൻ എന്നിവർക്കൊപ്പം മന്ത്രി ഏറെ നേരം ചെലവഴിച്ചു. അവിടം കൊണ്ട് തീർന്നില്ല, പോകാൻ നേരം ഒരു ആഗ്രഹവും പറഞ്ഞാണ് മന്ത്രിയപ്പൂപ്പനെ ഇഷാൻ യാത്രയാക്കിയത്.
അടുത്ത വർഷം മുതല്‍ ഇപ്പോൾ പഠിക്കുന്ന മണക്കാട് സർക്കാർ എല്‍പി സ്‌കൂളിനോട് ചേർന്നുള്ള സ്‌കൂളില്‍ പഠിക്കണം. പക്ഷേ ആ സ്‌കൂൾ ഗേൾസ് ഒൺലിയാണ്. അത് മിക്‌സഡ് ആക്കിയാല്‍ അടുത്തവർഷം മുതല്‍ അവിടെ പഠിക്കാം. ആഗ്രഹം കേട്ട മന്ത്രി പരിഗണിക്കാമെന്ന് ഉറപ്പും നൽകി. ശേഷം ശസ്‌ത്രക്രിയ കഴിയുമ്പോൾ വീട്ടിലേക്ക് വരാനുള്ള ക്ഷണം നൽകിയാണ് മന്ത്രി മടങ്ങിയത്.
ശസ്‌ത്രക്രിയയ്‌ക്ക് മുന്നോടിയായി ഇഷാനെ നാളെ (22.07.23) തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഇതിന് മുൻപായി മന്ത്രിയെ നേരിട്ട് കാണാനായതിന്‍റെ സന്തോഷത്തിലാണ് ഇഷാൻ. കഠിനമായ ശ്വാസതടസം കാരണം ഈ അധ്യയന വർഷം രണ്ടുദിവസം മാത്രമാണ് ഇഷാന് സ്‌കൂളിൽ പോകാനായത്. അതിന്‍റെ വിഷമവും ആ കുഞ്ഞു മനസിലുണ്ട്.
രമേശിന്‍റെ ഭാര്യ പിതാവ് വിജയനാണ് ഇഷാന്‍റെ ആഗ്രഹം മന്ത്രിയുടെ ശ്രദ്ധയിലെത്തിച്ചത്. തന്നെ കാണാൻ മന്ത്രി അപ്പൂപ്പൻ നേരിട്ടെത്തിയതിന്‍റെ അമ്പരപ്പിലാണ് ഇഷാൻ. അതിലേറെ സന്തോഷത്തിലും. മനോധൈര്യത്തോടെ ഇനി ഇഷാൻ ശസ്‌ത്രക്രിയയ്‌ക്ക് പോകും.
കഴിഞ്ഞ ദിവസം മണിപ്പൂരിലെ കലാപ ഭൂമിയിൽ നിന്നും കേരളത്തിലെത്തിയ തൈക്കാട് ഗവണ്‍മെന്‍റ് മോഡല്‍ എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായി ചേര്‍ന്ന ഹൊയ്‌നെജെം വായ്‌പേയ് എന്ന ജെജെമിനെ നേരില്‍ കാണാന്‍ മന്ത്രി വി ശിവൻകുട്ടി എത്തിയിരുന്നു. കേരളത്തിന്‍റെ മകളായി ദത്തെടുത്ത ജെജെമിന് എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് മന്ത്രി സന്ദർശന വേളയിൽ പറഞ്ഞിരുന്നു. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ജെജം ഇപ്പോൾ മലയാളം പഠിച്ചുവരികയാണ്.
also read : Manipur | കേരളത്തിന്‍റെ മകള്‍, മണിപ്പൂരില്‍ നിന്നെത്തിയ ജെജെമിനെ കണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി