തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ എൻഐഎ അന്വേഷണത്തെ കുറിച്ച് ആശങ്കയില്ലെന്നും ഏത് അന്വേഷണവും നടക്കട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസില്‍ എൻഐഎ നല്‍കിയ പരാമർശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
" താൻ സ്വർണക്കടത്തിന് കൂട്ടുനിന്നു എന്നു വരുത്താനാണോ മാധ്യമങ്ങളുടെ ശ്രമമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം". മാധ്യമങ്ങൾ ഒരു പ്രത്യേക ഉപജാപക സംഘത്തിന്‍റെ വക്താക്കളായി മാറുകയാണ്. ഒരു തെളിവുമില്ലാതെയാണ് മുഖ്യമന്ത്രിയെക്കുറിച്ച് സംശയമുണ്ടാക്കുന്ന തരത്തിൽ വാർത്തകൾ കൊടുക്കുന്നത്. എൻഐഎ കോടതിയിൽ പറഞ്ഞതല്ല മാധ്യമങ്ങൾ വാർത്തയാക്കിയത്.
താൻ വെള്ളം കുടിക്കേണ്ടി വരുമെന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകി. അത് മനസ്സിൽ വച്ചാൽ മതി. ഏത് അന്വേഷണവും നടക്കട്ടെ. തനിക്ക് ആശങ്കയില്ല. എല്ലാ വിവരവും പുറത്തുവരാൻ ഇനി അധിക ദിവസം വൈകില്ല. ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുന്നുവെന്ന് അപ്പോൾ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്ന തരത്തിലാണ് ചില മാധ്യമങ്ങൾ വാർത്ത നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.