തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് അഴിച്ചു പണി. സൈബർ പൊലീസ് തലപ്പത്ത് ഹരിശങ്കർ ഐപിഎസിനെയും വിജിലൻസ് ആന്‍റി കറപ്ഷൻ ബ്യൂറോ സൂപ്രണ്ട് ബിനോയ് പി ഐപിഎസിനെ സ്പെഷ്യൽ ബ്രാഞ്ച് സൂപ്രണ്ടായും ചുമതലപ്പെടുത്തി. പാലക്കാട് ജില്ല പൊലീസ് ചീഫായിരുന്ന ആർ വിശ്വനാഥൻ ഐപിഎസിന് എഐജിയായും ചുമതല നൽകി.
തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സൂപ്രണ്ട് എപി ഷൗക്കത്ത് അലി ഐപിഎസിനെ ക്രൈം ബ്രാഞ്ച് സൂപ്രണ്ടായി ചുമതലപ്പെടുത്തി. വയനാട് ജില്ല പൊലീസ് മേധാവി ആനന്ദ് ആർ ഐപിഎസിനെ പാലക്കാട് ജില്ല പൊലീസ് മേധാവിയാക്കി. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ കമാൻഡന്‍റ് പധം സിങ് ഐപിഎസ് ആണ് പുതിയ വയനാട് ജില്ല പൊലീസ് മേധാവി.
സ്പെഷ്യൽ ഓപ്പറേഷൻസ് സൂപ്രണ്ട് നിധിൻ രാജ് പി ഐപിഎസിന് ഇന്ത്യൻ റിസേർവ് ബറ്റാലിയൻ കമാൻഡന്‍റായി ചുമതല നൽകി. ആലപ്പുഴ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സുദർശൻ കെഎസിന് എറണാകുളം വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ സൂപ്രണ്ടായും ചുമതല നൽകി. കൂടാതെ പൊലീസിന്‍റെ ഐടി വിഭാഗം സൂപ്രണ്ട് ഷാജി സുഗുണൻ ഐപിഎസിന് വനിത കമ്മിഷൻ ഡയറക്‌ടറായി ചുമതല നൽകി. സിവിൽ സപ്ലൈസ് വിജിലൻസ് ഓഫിസർ ചുമതല നല്‍കിയിരിക്കുന്നത് കെഎപി രണ്ടാം ബറ്റാലിയൻ കമാൻഡന്‍റായ സന്ദീപ് വിഎം ഐപിഎസിന് ആണ്.
വിവാദങ്ങള്‍ക്ക് ഇട നല്‍കാതെയും ആരോപണങ്ങളില്‍ കാലിടറാതെയും പടിയിറക്കം: കേരള പൊലീസിലെ ഉന്നത സ്ഥാനങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് മേധാവി ഡോ ബി സന്ധ്യയും എക്‌സൈസ് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്‌ണനും പടിയിറങ്ങി. വിവാദങ്ങള്‍ക്ക് ഇട നല്‍കാതെയും ആരോപണങ്ങളില്‍ കാലിടറാതെയുമാണ് സിവില്‍ സര്‍വീസ് കാലഘട്ടം പൂര്‍ത്തിയാക്കി ഇവർ പടിയിറങ്ങിയത്.
കേരളത്തിലെ രണ്ടാമത്തെ വനിത ഐപിഎസ് ഉദ്യോഗസ്ഥയായിട്ടും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തെത്തുന്ന പ്രഥമ വനിത എന്ന സ്ഥാനം അലങ്കരിക്കാന്‍ ശ്രീലേഖയ്‌ക്ക് പിന്നാലെ സന്ധ്യയ്‌ക്കും കഴിയാതെ പോയി. ഒരു പക്ഷേ രണ്ടു വര്‍ഷം മുന്‍പ് ആറു മാസം മാത്രം സര്‍വീസുണ്ടായിരുന്ന തന്‍റെ അതേ ബാച്ചില്‍പ്പെട്ട അനില്‍കാന്തിന് പൊലീസ് മേധാവി പദം നല്‍കുകയും അദ്ദേഹത്തിന്‍റെ കാലാവധി ഒന്നര വര്‍ഷം കൂടി നീട്ടിനല്‍കുകയും ചെയ്‌തതോടെയാണ് വീണ്ടുമൊരു വനിത പൊലീസ് മേധാവി സാധ്യത തീര്‍ത്തും ഇല്ലാതായത്.
അതേസമയം തനിക്കൊപ്പം 1988 ല്‍ സര്‍വീസില്‍ പ്രവേശിച്ചയാള്‍ സംസ്ഥാന പൊലീസ് മേധാവിയായെന്ന് സന്ധ്യയ്‌ക്ക് ആശ്വസിക്കാം. സംസ്ഥാന പൊലീസില്‍ വിവാദങ്ങളിലും ആരോപണങ്ങളിലും വാര്‍ത്തകളിലും നിന്ന് എക്കാലത്തും അകലം പാലിച്ച ഉദ്യോഗസ്ഥന്‍ എന്നതാണ് ആനന്ദകൃഷ്‌ണനെ കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരില്‍ വേറിട്ടതാക്കുന്നത്. വഹിച്ച പദവികളില്‍ തന്‍റെ കയ്യൊപ്പ് ചാര്‍ത്താന്‍ ശ്രമിക്കുമ്പോഴും അതൊക്കെ മാധ്യമ വാര്‍ത്തകളാക്കാതിരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു എന്നതും എടുത്തുപറയേണ്ടതാണ്. പൊലീസില്‍ ഫയല്‍ നീക്കം സുഗമമാക്കാനുള്ള ഐഎപിഎസ് നടപ്പിലാക്കിയതും എക്‌സൈസില്‍ വിവിധ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതും ആനന്ദകൃഷ്‌ണന്‍റെ കാലത്താണ് എന്നതും ശ്രദ്ധേയമാണ്.