തിരുവനന്തപുരം: കാസര്‍കോട് സ്വദേശിയായ പ്രവാസി അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അബൂബക്കര്‍ സിദ്ദിഖിന് പ്രതികളില്‍ ചിലരുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും ഇത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്നും നിയമസഭയില്‍ അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ആറ് പ്രതികളെ അറസ്റ്റ് ചെയ്‌ത് റിമാന്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യുന്നതിന് ഊര്‍ജിതമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
അടുത്തിടെ പൈവളിഗയില്‍ നിന്ന് രണ്ട് പേരെ തട്ടിക്കൊണ്ടുപോയി അന്യായ തടങ്കലില്‍ പാര്‍പ്പിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം ഉപേക്ഷിച്ച മറ്റൊരു കേസ് കാസര്‍കോട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനുള്ള ശക്തമായ നടപടികള്‍ പൊലീസ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സി.എച്ച് കുഞ്ഞമ്പുവിന്‍റെ സബ് മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
also read: കാസര്‍കോട് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പത്തംഗ സംഘം: മൂന്ന് പേരെ തിരിച്ചറിഞ്ഞു