തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യാഭീഷണിക്കിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് വീഴ്ച അന്വേഷിക്കും. പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. കുടിയൊഴിപ്പിക്കലിനിടെ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ രാജൻ, ഭാര്യ അമ്പിളി എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്നലെ മരിച്ചത്.
തലയിൽ പെട്രോളൊഴിച്ചു നിന്ന ദമ്പതിമാരിൽ ഭർത്താവ് കത്തിച്ച സിഗരറ്റ് ലൈറ്റർ പൊലീസ് ഉദ്യോഗസ്ഥൻ തട്ടിത്തെറിപ്പിച്ചതോടെയാണ് തീപടർന്നത്. സംഭവത്തിൽ പൊലീസുകാർ കുറ്റക്കാരാണെന്ന് ആരോപിച്ച് മരിച്ച രാജന്‍റെയും അമ്പിളിയുടെയും മക്കൾ രംഗത്തെത്തിയിരുന്നു. അതിനിടെ, ദമ്പതികളുടെ മരണത്തിൽ വിശദമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അനാഥരായ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു