തിരുവനന്തപുരം: പത്തനംതിട്ട സിപിഐ ജില്ല സെക്രട്ടറി എ.പി ജയനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അന്വേഷണ സമിതിയെ നിയോഗിച്ച് സിപിഐ. ആറുകോടിയുടെ ഫാം അനധികൃതമായി ജയന്‍ സമ്പാദിച്ചുവെന്നാണ് പരാതി. സംസ്ഥാന എക്‌സിക്യൂട്ടീവാണ് അന്വേഷണം നടത്താന്‍ നാലംഗ സമിതിയെ നിയോഗിച്ചത്.
കെ.കെ.അഷ്‌റഫ്, ആര്‍.രാജേന്ദ്രന്‍, സി.കെ ശശിന്ദ്രന്‍, പി.വസന്തന്‍ എന്നിവരാണ് അന്വേഷണ സമിതിയിലെ അംഗങ്ങള്‍. ജയനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ സിപിഐ തീരുമാനിച്ചത്. സിപിഐയുടെ ജില്ല പഞ്ചായത്ത് അംഗമായ ശ്രീനദേവി കുഞ്ഞമ്മയാണ് ജയനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്.
ജില്ല പഞ്ചായത്തിലേക്ക് സീറ്റ് നല്‍കാന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ജയനെതിരെ പരാതിയുണ്ട്. പത്തനംതിട്ടയിലെ പാര്‍ട്ടിയില്‍ അനഭിലഷണീയമായ നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള മുല്ലക്കര രത്‌നാകരന്‍ സംസ്ഥാന എക്‌സിക്യൂട്ടീവിനെ അറിയിച്ചതിന് പിന്നാലെയാണ് അന്വേഷണം നടത്താന്‍ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി അന്വേഷണ സമിതിയെ നിയോഗിച്ചത്.