തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടി 2024 ജനുവരി 23 മുതൽ 26 വരെ. കേരളത്തിന്‍റെ കായിക രംഗത്ത് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി. തലസ്ഥാനത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഉച്ചകോടി നടക്കുക.
കായിക യുവജനകാര്യ വകുപ്പും സംസ്ഥാന സ്പോർട്‌സ് കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.12ൽ പരം അന്തർദേശീയ യൂണിവേഴ്‌സിറ്റികൾ, 20ൽ പരം രാജ്യങ്ങൾ, എൻ ആർ ഐമാർ, സ്പോർട്‌സ് ഫൗണ്ടേഷനുകൾ, അത്ലറ്റുകൾ അടക്കമുള്ളവർ കായിക ഉച്ചകോടിയിൽ പങ്കെടുക്കും. നാല് ദിവസമായി നടക്കുന്ന കായിക ഉച്ചകോടിയിൽ സെമിനാറുകൾ, സംവാദങ്ങൾ അടക്കമുള്ള പരിപാടികളുമുണ്ടാകും. നാല് വേദികളിലായാണ് പരിപാടികൾ നടക്കുക. ആഗോള പങ്കാളിത്തം, കായിക സമ്പദ്ഘടന വികസന പ്രക്രിയ, പുതിയ കായിക നയം എന്നിവ അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ പ്രഖ്യാപിക്കും.
ലോക കായിക രംഗത്ത് വന്നിട്ടുള്ള വികസനവും വളർച്ചയും നൂതന കായിക പരിശീലന സംവിധാനങ്ങളും പദ്ധതികളും ഉച്ചകോടിയിൽ ചർച്ച ചെയ്യും. അതേസമയം കായിക ഉച്ചകോടിയുടെ അന്തിമരൂപം തയ്യാറായിട്ടില്ല. കായിക യുവജനകാര്യ വകുപ്പിൻ്റെയും സംസ്ഥാന സ്പോർട്‌സ് കൗൺസിലിൻ്റെയും നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. കേരളത്തെ കായിക നിക്ഷേപത്തിനും വികസനത്തിനുമുള്ള ഏറ്റവും മികച്ച മാതൃകകളിലൊന്നാക്കി മാറ്റുകയെന്നതാണ് കായിക ഉച്ചകോടിയുടെ ലക്ഷ്യം.
അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് മുന്നോടിയായി ജില്ല കായിക ഉച്ചകോടി ഇന്ന് (നവംബര്‍ 29) തിരുവനന്തപുരത്ത് നടന്നു. രാവിലെ 10.30 മുതൽ വൈകിട്ട് 3 മണി വരെ പാളയം അയ്യങ്കാളി ഹാളിലാണ് ജില്ലാ കായിക ഉച്ചകോടി നടന്നത്. ജില്ലാ കായിക ഉച്ചകോടിയുടെ ഉദ്ഘാടനം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ജില്ലാ കായിക ഉച്ചകോടിക്ക് പുറമെ പഞ്ചായത്ത് തലത്തിൽ മൈക്രോ സമ്മിറ്റുകളും സംഘടിപ്പിക്കും.