തിരുവനന്തപുരം : സിനിമയുടെ വസന്തകാലത്തിന് തിരശീലയുയരുന്നു. 28 മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്ട്രേഷൻ നാളെ(22-11-2023) രാവിലെ 10 മണി മുതൽ ആരംഭിക്കും. www.iffk.in വെബ്സൈറ്റ് മുഖേനയും മുഖ്യവേദിയായ ടാഗോർ തീയേറ്ററിലെ ഡെലിഗേറ്റ് സെല്ലിൽ നേരിട്ടും രജിസ്റ്റർ ചെയ്യാം(Iffk 2023 registration).
ജി എസ് ടി ഉൾപ്പെടെ ഇത്തവണ 1180 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാർത്ഥികൾക്ക് 590 രൂപയാണ് ഡെലിഗേറ്റ് ഫീസ്. ഡിസംബർ 8 മുതൽ 15 വരെ നഗരത്തിലെ 15 തീയേറ്ററുകളിലാകും മേള നടക്കുക.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകൾ, ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ക്യൂബന്‍ ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിങ്ങനെ 6 വിഭാഗങ്ങളിലായി 180 ലേറെ സിനിമകളാണ് മേളയിൽ പ്രദർശനത്തിന് എത്തുന്നത്.
28 മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് ഡിസംബര്‍ എട്ടിന് നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കെനിയന്‍ സംവിധായിക വനൂരി കഹിയുവിന് നൽകി ആദരിക്കും. പതിവ് പോലെ ഇത്തവണയും മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്‌സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയുമുണ്ടാകും.
കഴിഞ്ഞ തവണ ആയിരം രൂപയായിരുന്ന ഡെലിഗേറ്റ് ഫീസിൽ ജി എസ് ടി കൂടി ഉൾപ്പെടുത്തിയതോടെ 80 രൂപ വർധിച്ചു. 500 രൂപയായിരുന്ന സ്റ്റുഡന്റ് ഡെലിഗേറ്റ് ഫീസ് 590 രൂപയായി. ജി എസ് ടി ഒഴിവാക്കാൻ ജി എസ് ടി വകുപ്പുമായി ചർച്ചകൾ നടത്താൻ സർക്കാർ തന്നെ മുൻകൈയെടുക്കണമെന്ന് അക്കാദമി തന്നെ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വർഷങ്ങളായി ജി എസ് ടി അടയ്ക്കാത്തതിനാൽ വലിയ തുക കുടിശ്ശികയുണ്ടെന്ന് ചൂണ്ടിക്കാട്ടി
അക്കാദമിക്ക് നേരത്തെ ജി എസ് ടി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജി എസ് ടി കൂടി ഉൾപ്പെടുത്തി ഇത്തവണത്തെ മേളയുടെ ഡെലിഗേറ്റ് ഫീസ് നിശ്ചയിച്ചത്.