തിരുവനന്തപുരം: നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍. വിഷയത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളെ അറിയിച്ചിട്ടുണ്ട്. സമരം ശക്തമായതിനെ തുടര്‍ന്നാണ് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി ഉദ്യോഗാര്‍ഥികളുമായി ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചയും നടന്നിരുന്നു. ആഭ്യന്തര സെക്രട്ടറി ടികെ ജോസ്, എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് ഉദ്യോഗാർഥികളുമായി ചര്‍ച്ച നടത്തിയത്. ഇതില്‍ ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ സാധ്യമായതെല്ലാം ചെയ്യാമെന്ന ഉറപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു.
ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ ആഭ്യന്തര സെക്രട്ടറി ടികെ ജോസ് സര്‍ക്കാറിന് കൈമാറി. ഉദ്യോഗസ്ഥ ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ നാളത്തെ മന്ത്രിസഭായോഗം പരിഗണിക്കും. ഉദ്യോഗസ്ഥ തലത്തില്‍ ഉറപ്പ് ലഭിച്ചെങ്കിലും സര്‍ക്കാര്‍ ഇത് ഉത്തരവായി പുറത്തിറക്കുന്നത് വരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ സംബന്ധിച്ച് സെക്രട്ടറിമാരില്‍ നിന്ന് ചീഫ്‌സെക്രട്ടറി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യം നാളത്തെ മന്ത്രിസഭ പരിഗണിക്കും.
എന്നാല്‍ സമരം നടത്തുന്ന സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റുകാരുടെ കാര്യത്തില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. റദ്ദാക്കിയ ലിസ്റ്റില്‍ തുടര്‍ നടപടി സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ആലോചനകളൊന്നും ഇല്ല. ഉദ്യോഗസ്ഥ തല ചര്‍ച്ചയിലും ഇവര്‍ക്ക് ഒരു ഉറപ്പും നല്‍കിയിട്ടുമില്ല. ഇതോടൊപ്പം തന്നെ ശമ്പളവും അംഗീകാരവും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് റിലേ നിരാഹാര സമരം നടത്തുന്ന എയ്‌ഡഡ് അധ്യാപകരുടെ കാര്യത്തിലും സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടായിട്ടില്ല. ഇവരുമായി ചര്‍ച്ച നടത്താന്‍ പോലും ഇതുവരെ അധികൃതര്‍ തയാറായിട്ടുമില്ല.