തിരുവനന്തപുരം : വിരാട് കോലി, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ തുടങ്ങിയ ഇഷ്‌ട താരങ്ങളുടെ ജഴ്‌സി അണിഞ്ഞ് ആത്മവിശ്വാസം പങ്കുവയ്‌ക്കുന്നവര്‍. മുഖത്ത് ചായം പൂശി, കൈയില്‍ മൂവര്‍ണക്കൊടി വാനോളമുയര്‍ത്തി ചെണ്ടമേളത്തിന്‍റെ താളത്തില്‍ ചുവടുവയ്‌ക്കുന്നവര്‍. പുറമെ, സഞ്ജു സാംസണ്‍ കളിക്കളത്തില്‍ ഇല്ലാത്തതിന്‍റെ പ്രതിഷേധമറിയിക്കുന്നവര്‍. അങ്ങനെ, ഏകദിന പരമ്പരയിലെ ഇന്ത്യ - ശ്രീലങ്ക മൂന്നാം മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്ത് പല വികാരങ്ങളുമായാണ് ആരാധകരുള്ളത്.
കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും ഒരേയൊരു ആഗ്രഹം മാത്രമാണ് ആരാധകരുടെ മനസില്‍. അത് ടീം ഇന്ത്യയുടെ വിജയമല്ലാതെ മറ്റെന്ത്. മത്സരം കാണാനായി രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നായി കുട്ടികളടക്കമുള്ളവരാണ് കാര്യവട്ടത്തെത്തിയത്. ടീമിന്‍റെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ കൂറ്റന്‍ കട്ടൗട്ട് മാത്രമാണ് സ്റ്റേഡിയത്തിന് മുന്‍പില്‍ ഉയര്‍ന്നിട്ടുള്ളത്.
കഴിഞ്ഞതവണ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി 20 മത്സരത്തെ അപേക്ഷിച്ച് ഇത്തവണ കാണികളുടെ പങ്കാളിത്തത്തിൽ വലിയ കുറവുണ്ട്. ടിക്കറ്റ് ചാര്‍ജിലുണ്ടായ വര്‍ധനവും സഞ്‌ജു സാംസണിനെ വീണ്ടും തഴഞ്ഞതുമൊക്കെയാണ് ഇതിന് കാരണമായതെന്നാണ് അടക്കംപറച്ചില്‍.