തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. 28 ദിവസത്തിനിടെ 14ാം തവണയാണ് രാജ്യത്തെ ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്.
പലയിടങ്ങളിലും നൂറ് കടന്ന് പെട്രോൾ വില
വീണ്ടും വർധനവുണ്ടായതോടെ തിരുവനന്തപുരം നഗരത്തിലെ പെട്രോൾ വില 100 കടന്നു. നഗരത്തിൽ നിലവിൽ പെട്രോളിന് 100 രൂപ 16 പൈസയും ഡീസലിന് 95.99 രൂപയുമാണ്. കാസർകോടും പെട്രോൾ വില 100 കടന്നു. ഇടുക്കിയിലും പെട്രോൾ വില കഴിഞ്ഞ ദിവസം നൂറ് കടന്നിരുന്നു. കൊച്ചിയിൽ പെട്രോളിന് 98 രൂപ 21 പൈസയും ഡീസലിന് 95 രൂപ 16 പൈസയുമാണ് നിലവിൽ. ഇന്ധനവിലയിൽ വീണ്ടും വർധനവ് ഉണ്ടായതോടെ കോഴിക്കോട് പെട്രോൾ വില 98 രൂപ 58 പൈസയായും ഡീസൽ വില 93 രൂപ 80 പൈസയായും വർധിച്ചു.
പത്ത് ദിവസം നീളുന്ന രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
ഇന്ധനവില വർധനവിനെതിരെ പത്ത് ദിവസം നീളുന്ന രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ജൂലൈ 7 മുതൽ 17 വരെയാണ് പ്രതിഷേധ പരിപാടികള്‍ അരങ്ങേറുക. പാർട്ടി നേതാക്കളെയും തൊഴിലാളികളെയും പങ്കെടുപ്പിച്ച് ജില്ലാ തലത്തില്‍ സൈക്കില്‍ റാലി സംഘടിപ്പിക്കും. ഇതിനൊപ്പം സംസ്ഥാനതലത്തിൽ മാർച്ചും സംഘടിപ്പിക്കും. ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള എല്ലാ പെട്രോൾ പമ്പുകളിലും ഒപ്പ് കാമ്പയിൻ നടത്താനും കോൺഗ്രസ് പദ്ധതിയിടുന്നുണ്ട്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേർന്ന പാർട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് രാജ്യവ്യാപക പ്രതിഷേധത്തിനുള്ള തീരുമാനമെടുത്തത്.
Read More: ഇന്ത്യയിൽ പെട്രോൾ, ഡീസൽ ഉപഭോഗം 10 ശതമാനത്തിധികം വർധിക്കും: ഐസിആർഎ
Read More: പത്ത് ദിവസം നീളുന്ന രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്