തിരുവനന്തപുരം: സംസ്ഥാനത്ത് 2016 മുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ വൻ വർദ്ധനവ് (Increase in child abduction cases). 2016 മുതൽ 2023 സെപ്റ്റംബർ വരെ 1667 കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസുകൾ രജിസ്റ്റർ ചെയ്‌തു. ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ (Crime Records Bureau) കണക്കുകളാണിത്. 2016 - 157, 2017 - 184 , 2018 - 205, 2019 - 280, 2020 - 200, 2021 - 257, 2022 - 269, 2023 സെപ്റ്റംബര്‍ വരെ 115 കേസുകളുമാണ് രജിസ്റ്റർ ചെയ്‌തത്.
ഓരോ വർഷവും മുൻ വർഷത്തേക്കാൾ കേസുകളുടെ എണ്ണം വർധിച്ചതായി പുറത്ത് വന്ന ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകളിൽ നിന്നും വ്യക്തമാണ്. ഇക്കാലയളവിൽ കുട്ടികൾക്കെതിരെയുണ്ടായ അതിക്രമത്തിന്‍റെ എണ്ണവും വർധിച്ചതായി കാണാം. 2016 - 2879 കേസുകൾ, 2017- 3562 കേസുകൾ, 2018 - 4253 കേസുകൾ, 2019 - 4754 കേസുകൾ, 2020- 3941 കേസുകൾ, 2021 - 4536 കേസുകൾ, 2022 - 5315 കേസുകൾ, 2023 സെപ്റ്റംബർ വരെ 3798 കേസുകളുമാണ് കൂട്ടുകൾക്കെതിരായ അതിക്രമത്തിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
കൊല്ലത്ത് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ ആറ് വയസ്സുകാരി സുരക്ഷിതമായി ഇന്ന് വീട്ടിൽ തിരികെ എത്തിയിരുന്നു. കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചാണ് തട്ടിപ്പ് സംഘം മടങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് സമാനമായ നിരവധി കേസുകൾ സംസ്ഥാനത്ത് ആകമാനം സജീവമാണെന്ന വിവരങ്ങൾ ഇപ്പോൾ പുറത്ത് വരുന്നത്. ഈ വർഷം തന്നെ സെപ്റ്റംബർ വരെ 115 കേസുകൾ രജിസ്റ്റർ ചെയ്‌ത് കഴിഞ്ഞു. ഓരോ വർഷവും ശരാശരി 20 കേസുകൾ വീതം കൂടുതൽ രജിസ്റ്റർ ചെയ്യുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
അബിഗേൽ സുരക്ഷിത: ഓയൂരിൽ നിന്നും കാണാതായ അബിഗേൽ സാറ റെജിയിപ്പോള്‍ കൊല്ലം എആര്‍ ക്യാമ്പില്‍ തുടരുന്നു. വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. നവംബര്‍ 27 ന് വൈകിട്ട് 4 മണിയോടെയാണ് അബിഗേല്‍ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍ തുടരുന്നതിനിടെ തട്ടികൊണ്ടു പോയ സംഘം കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്തിലെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. കൊല്ലം ആശ്രാമത്തെ ഇന്‍കം ടാക്‌സ് കോട്ടേഴ്‌സിന് സമീപമുള്ള നടപ്പാതയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് സംഘം കുട്ടിയെ ഉപേക്ഷിച്ചത്.
ഏറെ നേരം കുട്ടി തനിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട എസ്‌എന്‍ കോളജിലെ വിദ്യാര്‍ഥികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഇതോടെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ എആര്‍ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്‌തു. എഡിജിപി ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ALSO READ: 'അബിഗേല്‍ സാറ ആരോഗ്യവതി, കേരളത്തിന് ആശ്വാസമായി'; കുട്ടിയെ സന്ദര്‍ശിച്ച് രാഷ്‌ട്രീയ നേതാക്കള്‍