തിരുവനന്തപുരം: പ്രവാസി വ്യവസായി ഫാരിസ് അബൂബക്കറിന്‍റെ വീടുകളിലും ഓഫിസുകളിലും ആദായ നികുതി പരിശോധന തുടരുന്നതിനിടെ അതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നാദിറ സുരേഷിന്‍റെ വീട്ടിലും റെയ്‌ഡ്. തിരുവനന്തപുരം പൗഡിക്കോണം ലക്ഷ്‌മി നഗറിലെ വീട്ടിലാണ് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും ഇന്നലെ സംയുക്തമായി റെയ്‌ഡും നടത്തിയത്. നാദിറയുടെ ഭര്‍ത്താവ് സുരേഷിന്‍റെ പേരില്‍ ഫാരിസ് അബൂബക്കര്‍ ഒട്ടനവധി ബിനാമി നിക്ഷേപങ്ങള്‍ നടത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.
കൊച്ചിയിലെ തണ്ണീര്‍ത്തടങ്ങള്‍, പൊക്കാളിപ്പാടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ചെമ്മീന്‍ കെട്ടുകള്‍ എന്നിവിടങ്ങളില്‍ 2008 മുതല്‍ ഫാരിസ് അബൂബക്കര്‍ വന്‍ തോതില്‍ പണം ഇറക്കിയതില്‍ സുരേഷിന്‍റെ പേരിലും ബിനാമി നിക്ഷേപം ഉള്ളതായി സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ എത്തിയത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2.30 മുതല്‍ അതീവ രഹസ്യമായി ആരംഭിച്ച റെയ്‌ഡ് ചൊവ്വാഴ്‌ച രാത്രി 9.30 വരെ തുടര്‍ന്നു. ഇടപാടുകള്‍ സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍, ബാങ്ക് അക്കൗണ്ട് രേഖകള്‍ തുടങ്ങിയവ പരിശോധനയില്‍ പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്.
കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം സുരേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ദീര്‍ഘകാലമായി ഫാരിസ് അബൂബക്കറിന്‍റെ സ്ഥാപനത്തിലെ ജീവനക്കാരനാണ് സുരേഷ്. എന്നാല്‍ നാദിറയ്ക്ക് ഇടപാടുകളുമായി നേരിട്ട് ബന്ധമുള്ളതിന്‍റെ സൂചനകള്‍ ആദായ നികുതി വകുപ്പിനോ എന്‍ഫോഴ്‌സമെന്‍റ് ഡയറക്‌ടറേറ്റിനോ ലഭിച്ചിട്ടില്ല എന്നാണ് സൂചന.
ഫാരിസ് അബൂബക്കറിന്‍റെ ഓഫിസിലും വീട്ടിവും റെയ്‌ഡ്: ഫാരിസ് അബൂബക്കറിന്‍റെ സ്ഥാപനങ്ങളിലും വീടുകളിലും ഏതാനും ദിവസങ്ങളായി നടക്കുന്ന ആദായ നികുതി പരിശോധനയും ഇഡി പരിശോധനയും ഇതോടൊപ്പം തുടരുകയാണ്. ഫാരിസുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്ന കെട്ടിട നിര്‍മാതാക്കള്‍, ഇടനിലക്കാര്‍ എന്നിവരുടെ കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലും ഫ്ലാറ്റുകളിലും തിങ്കളാഴ്‌ച രാത്രിയും ഇന്നലെയും ഇന്നും പരിശോധന തുടരുകയാണ്. ഫാരിസുമായി ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴിയും കേന്ദ്ര ഏജന്‍സികള്‍ രേഖപ്പെടുത്തുമെന്ന് സൂചനയുണ്ട്. തദ്ദേശ സ്ഥാപനങ്ങളെയും റവന്യൂ ഉദ്യോഗസ്ഥരെയും വന്‍ തോതില്‍ സ്വാധീനിച്ചായിരുന്നു ഫാരിസ് അബൂബക്കറിന്‍റെ കൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍.
തണ്ണീര്‍ത്തടങ്ങളും പൊക്കാളിപ്പാടങ്ങളും ഇത്തരത്തില്‍ സ്വാധീനം ഉപയോഗിച്ച് കരഭൂമിയാണെന്ന് രേഖകളുണ്ടാക്കി കെട്ടിട നിര്‍മാതാക്കള്‍ക്ക് കൈമാറുകയായിരുന്നു. ഉറവിടം വെളിപ്പെടുത്താത്ത 100 കോടി രൂപ ഫാരിസിന്‍റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ അടുത്തയിടെ എത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇന്‍കം ടാക്‌സും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും റെയ്‌ഡ് ആരംഭിച്ചത്.
സിപിഎമ്മും ഫാരിസ് അബൂബക്കറും: നേരത്തെ സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഉയര്‍ന്ന് കേട്ട പേരാണ് ഫാരിസ് അബൂബക്കറിന്‍റേത്. സിപിഎം വിഭജന കാലത്ത് പിണറായി വിജയനും നേതാക്കള്‍ക്കുെമതിരെ ഫാരിസ് അബൂബക്കറുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വി എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു. മന്ത്രി മുഹമ്മദ് റിയാസുമായുള്ള കുടുംബ ബന്ധം പിന്നെയും ചില വിവാദങ്ങള്‍ക്ക് വഴിവച്ചു.
ഫാരിസ് അബൂബക്കറും 17 അംഗ സംഘവുമാണ് കേരളം ഭരിക്കുന്നത് എന്ന വിമര്‍ശനവുമായി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജും രംഗത്തു വന്നിരുന്നു. ഫാരിസിന്‍റെ ബിസിനസിന് സംരക്ഷണം നല്‍കുന്നത് മുഖ്യമന്ത്രി ആണെന്നും ഫാരിസിനെതിരെ നടക്കുന്ന റെയ്‌ഡ് സര്‍ക്കാരില്‍ വന്ന് നില്‍ക്കുമെന്ന് പി സി ജോര്‍ജ് ആരോപിച്ചു.