തിരുവനന്തപുരം: വനിത സംവിധായകർ സ്‌ത്രീപക്ഷ സിനിമകൾ മാത്രമെ എടുക്കൂവെന്ന മുൻവിധി സമൂഹത്തിലുണ്ടെന്ന് സംവിധായിക കുഞ്ഞില മാസിലാമണി. രാജ്യാന്തര ചലച്ചിത്ര മേളയിൽ മീറ്റ് ദി ഡയറക്‌ടർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കുഞ്ഞില മാസിലാമണി. സിനിമയുടെ വാണിജ്യപരമായ അവകാശി നിർമാതാവാണെങ്കിലും പ്രദർശനത്തിനെത്തിയാൽ അതിന്‍റെ ഉടമ പ്രേക്ഷകനാണെന്ന് സംവിധായകൻ ജി. രാരിഷും പ്രതികരിച്ചു.
മേളയിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച 'വേട്ടപ്പട്ടികളും ഓട്ടക്കാരും' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് രാരിഷ്. പ്രദർശനം തുടങ്ങിക്കഴിഞ്ഞാൽ സിനിമയാണ് സംസാരിക്കേണ്ടതെന്നും അണിയറപ്രവർത്തകരല്ലെന്നും രാരിഷ് പറഞ്ഞു. സഹകരണ കൂട്ടായ്‌മകൾ സിനിമ സ്വപ്‌നം കാണുന്ന ധാരാളം പേർക്ക് അനുഗ്രഹമാണെന്ന് ഏക്താര കളക്‌ടീവ് അംഗം റിഞ്ചിൻ പറഞ്ഞു. ജിയോ ബേബി, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ്, സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ, അമൽ പ്രാസി, മാഹീൻ മിശ്ര, മുസ്ക്കാൻ, മീരാ സാഹിബ് എന്നിവർ മീറ്റ് ദി ഡയറക്‌ടർ പരിപാടിയിൽ പങ്കെടുത്തു.
ലിജോ ജോസ് പെല്ലിശേരി ചിത്രം 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിന്‍റെ അവസാന പ്രദർശനം ഇന്ന് രാവിലെ 9.30ന് അജന്ത തീയേറ്ററിൽ നടന്നു. ചൊവ്വാഴ്‌ച രാത്രി മുതൽ ഡെലിഗേറ്റുകൾ തീയേറ്ററിന് മുന്നിൽ കാത്തുനിന്നാണ് സിനിമ കണ്ടത്. മേളയുടെ ആറാം ദിനവും ഡെലിഗേറ്റുകളുടെ വലിയ പങ്കാളിത്തമാണ് മേളയിൽ അനുഭവപ്പെടുന്നത്.